Friday December 09, 2016
Latest Updates

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

അമൃത്സര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ദില്ജീത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നു. അമൃത്സറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് ദില്ജീത് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് ദില്ജീത്ത് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് ദില്ജീത് സിംഗ് അംഗത്വം സ്വീകരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പഞ്ചാബില്‍ സംഘടിപ്പിച്ച നാല് റാലികളിലും മോഡി പങ്കെടുക്കുന്നുണ്ട്.  തെരഞ്ഞെടുപ്പ് ചൂടിന്റെ മൂര്‍ദ്ധന്യത്തില്‍ പ്രധാനമന്ത്രിയുടെ സഹോദരന്‍ തന്നെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് ബിജെപിഇല ചേര്‍ന്നതു ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണ ആയുധമാക്കും.

ദില്ജീത്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മോഡി പറഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്ന ദില്ജീത്ത് സിംഗിനെ മോഡി ആലിംഗനം ചെയ്തു നില്ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മൂത്ത സഹോദരനായ മന്‍മോഹന്‍ സിംഗ് രണ്ടുവട്ടം പ്രധാനമന്ത്രി ആയിട്ടും ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിക്കാതിരുന്ന ആളാണ് ദില്ജീത്ത് സിംഗ്. എന്നാല്‍ ആദ്യമായി രാഷ്ട്രീയ പക്ഷപാതം പ്രകടിപ്പിച്ചപ്പോള്‍ അത് സഹോദരന്റെ രാഷ്ട്രീയത്തിന് കടകവിരുദ്ധമായി. അമൃത്സറില്‍ വ്യവസായിയാണ് ദില്‍ജീത്ത് സിംഗ്.

Scroll To Top