Friday December 09, 2016
Latest Updates

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിന്നസ് ബുക്കിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിന്നസ് ബുക്കിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിന്നസ് ബുക്കിലേക്ക്. ലോകത്ത് ഏറ്റവുമധികം തെരഞ്ഞെടുപ്പ് റാലി നടത്തിയ രാഷ്ട്രീയ നേതാവ് എന്ന റെക്കോഡാണ് നരേന്ദ്ര മോഡിക്ക് ഗിന്നസ് ബുക്കിലേക്ക് വഴി തുറന്നത്. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മോഡിയുടെ പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കുന്നതിനായി നാമനിര്‍ദ്ദേശം ചെയ്തു.

മോഡി നടത്തിയ എല്ലാ റാലികളുടെയും രേഖകള്‍ പരിശോധിച്ച ശേഷം ഗിന്നസ് ബുക്ക് അധികൃതര്‍ മോഡിയുടെ പേര് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ തുടങ്ങും. പതിനാറാം ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോഡി 1,800 തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതായി അദ്ദേഹത്തിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്ത വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ഡോ. പാര്‍ത്ഥസാരഥി സെന്‍ ശര്‍മ പറഞ്ഞു.

ലോകത്ത് മറ്റൊരു രാഷ്ട്രീയ നേതാവും ഇത്രയും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയിട്ടില്ലെന്ന് സംഘടന വക്താക്കള്‍ പറഞ്ഞു. 1,800 റാലികളില്‍ രണ്ടെണ്ണം കേരളത്തിലായിരുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണ്ഡലങ്ങളായ തിരുവനന്തപുരത്തും കാസര്‍ഗോഡുമാണ് മോഡി തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയത്.

ഈ തെരഞ്ഞെടുപ്പില്‍ മോഡി നടത്തിയ 3 ഡി റാലികളും ശ്രദ്ധേയമായിരുന്നു. തങ്ങളുടെ നാമനിര്‍ദ്ദേശത്തോട് ഗിന്നസ് ബുക്ക് അധികൃതര്‍ ഇമെയിലിലൂടെ പ്രതികരിച്ചതായും റാലികള്‍ സംബന്ധിച്ച രേഖകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതായും ഡോ. പാര്‍ത്ഥസാരഥി പറഞ്ഞു.

Scroll To Top