Monday December 05, 2016
Latest Updates

പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി

പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: പതിനാറാം ലോക്ടഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആകെ സീറ്റിന്റെ പത്തിലൊന്ന് സീറ്റുകള്‍ നേടിയ പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ ഒരു പാര്‍ട്ടിക്കും ഈ തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം സീറ്റ് നേടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികള്‍ക്ക് ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാനാകില്ല.

എന്നാല്‍ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന പരിഗണനയില്‍ തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധി കത്ത് നല്‍കിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ലോകസഭ പ്രതിപക്ഷ നേതാവില്ലാതെ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് റാങ്കും ലോക്പാല്‍ ഉള്‍പ്പെടെയുള്ള സുപ്രധാന സമിതികളില്‍ അംഗത്വവും ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനോട് ബിജെപിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.

കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ കാര്‍ഗെക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പത്ത് ശതമാനം സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്കെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശമുള്ളൂ എന്ന വാദം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. അങ്ങനെയൊരു നിയമം നിലവിലില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top