Tuesday December 06, 2016
Latest Updates

പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ‘തീവ്രശ്രമം’,സസ്‌പെന്‍സ് തുടരുന്നു

പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ‘തീവ്രശ്രമം’,സസ്‌പെന്‍സ് തുടരുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞ്, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും  പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയാതെ വലയുന്ന യുഡിഎഫിനെ മാനക്കേടില്‍ നിന്നു മോചിപ്പിക്കാന്‍ ഞായറാഴ്ച നടപടിയുണ്ടായേക്കുമെന്നു സൂചന.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഞായറാഴ്ച കെപിസിസി ആസ്ഥാനത്തു വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമാവും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുക. യോഗത്തില്‍ നിരീക്ഷകരായി ഷീലാ ദീക്ഷിത്, മുകുള്‍ വാസ്‌നിക്, ദീപക് ബാബ്‌റിയ എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച കേന്ദ്ര നിലപാട് ഇവര്‍ അറിയിക്കും.

പ്രതിപക്ഷ നേതാവിന്റെ കസേര തനിക്കു വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കെ, രമേശ് ചെന്നിത്തലയ്ക്കാണ് സാദ്ധ്യത കൂടുതല്‍. പക്ഷേ, പരാജയത്തിന്റെ പാപഭാരമേറ്റെടുക്കലാണോ മറ്റെന്തെങ്കിലും തന്ത്രമാണോ ഉമ്മന്‍ ചാണ്ടി മനസ്സില്‍ കരുതി വച്ചിരിക്കുന്നതെന്നു വ്യക്തമല്ല. കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ട് ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാന്‍ എ ഗ്രൂപ്പ് ഒരു ശ്രമം നടത്തിയിരുന്നു. മുരളീധരനാവട്ടെ, ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ ഞായറാഴ്ചയിലെ യോഗം കഴിയും വരെ സസ്‌പെന്‍സ് നീണ്ടേക്കാം.

നിലവില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കം. ജയിച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ടു പേര്‍ മാത്രമാണ് എ ഗ്രൂപ്പുകാര്‍. 12 പേര്‍ അറിയപ്പെടുന്ന ഐക്കാരാണ്. ശബരീനാഥ്, അനില്‍ അക്കര എന്നിവര്‍ ഇതുവരെ ഒരു ഗ്രൂപ്പിനോടും ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ലാത്തവരാണ്.

പ്രതിപക്ഷ നേതാവിന്റെ കസേരയ്ക്കു വേണ്ടി തര്‍ക്കം വന്നാല്‍ വോട്ടെടുപ്പ് വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടേക്കും. ഇതേസമയം, വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.

Scroll To Top