Friday December 09, 2016
Latest Updates

പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്ത്; കേരളത്തില്‍ യുഡിഎഫ്; ദേശീയ തലത്തില്‍ മോഡി തരംഗം

പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്ത്; കേരളത്തില്‍ യുഡിഎഫ്; ദേശീയ തലത്തില്‍ മോഡി തരംഗം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള പുറത്ത് വന്നു. കേരളത്തില്‍ യുഡിഎഫിനും ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്കും അനുകൂലമായാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്.

എന്‍ഡിടിവി, അജ്തക്ക്, സിഎന്‍എന്‍, എബിപി ന്യൂസ്, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ഐബിഎന്‍ തുടങ്ങിയ വിവിധ മാധ്യമ സ്ഥാപനങ്ങളാണ് പോസ്റ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വിട്ടത്. ഒട്ടുമുക്ക സര്‍വേകളിലും യുഡിഎഫിന് 14 മുതല്‍ 18 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 2 മുതല്‍ 6 സീറ്റ് വരെയാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്. അതേസമയം ബിജെപി ഇത്തവണയും അക്കൌണ്ട് തുറക്കില്ല. എബിപി ന്യൂസ് മാത്രമാണ് കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നത്.

ദേശീയ തലത്തില്‍ എല്ലാ സര്‍വേകളും എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കാന്‍ ആവശ്യമായ 272 സീറ്റുകള്‍ നേടുമെന്ന് സര്‍വേ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുപിഎയ്ക്ക്  90 മുതല്‍ 120 സീറ്റു വരെയാണ് പ്രവചിക്കപ്പെടുന്നത്. വിവിധ പ്രാദേശിക പാര്‍ട്ടികള്‍ എല്ലാം കൂടെ 120 മുതല്‍ 170 വരെ സീറ്റുകള്‍ നേടും. പ്രാദേശിക പാര്‍ട്ടികളില്‍ ജയലളിതയുടെ എഐഎഡിഎംകെയും മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസും നേട്ടം കൊയ്യുമെന്ന് സര്‍വേ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും തിരിച്ചടി നേരിടും. എഐഎഡിഎംകെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കഷിയായേക്കുമെന്നും സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. ഉത്തര്‍പ്രദേശിലെ പകുതിയോളം സീറ്റുകള്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഇത് ബിജെപിക്ക് കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ നിര്‍ണ്ണായകമാകും. ആം ആദ്മി പാര്‍ട്ടിയുടെ എംപിമാരുടെ എണ്ണം രണ്ടക്കം കടന്നില്ലെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ പരമാവധി രണ്ടു സീറ്റും പഞ്ചാബില്‍  മൂന്നു സീറ്റും മഹാരാഷ്ട്രയില്‍ ഒരു സീറ്റുമാണ് ആം ആദ്മി പാര്‍ട്ടിക്ക് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്.

Scroll To Top