Saturday December 10, 2016
Latest Updates

പൊന്നിന്‍കുടവും പൂശുകുടവും

പൊന്നിന്‍കുടവും പൂശുകുടവും

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കൊസിനെതിരെ വീണ്ടും പിസി ജോര്‍ജ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേക്കാള്‍ നല്ല സ്ഥാനാര്‍ത്ഥി പിടി തോമസ് ആയിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ നേരത്തെയും പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. പിടി തോമസ് നിലപാടുള്ള ആളാണ് അതുകൊണ്ട് നല്ല മത്സരം നടക്കുമായിരുന്നെന്നും എന്നാല്‍ ഡീന്‍ പിടിക്ക് തുല്യനായ സ്ഥാനാര്‍ത്ഥിയല്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് പൂശുകുടമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പൊന്നിന്‍കുടങ്ങളാണെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസിനെപ്പോലെയുള്ള പൂശു കുടങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്ന പറഞ്ഞാണ് ജോര്‍ജ് നിലപാട് മാറ്റിയത്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡീന്‍ കുര്യാക്കൊസിനെതിരെ നേരത്തെ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള പിസി ജോര്‍ജ് ഡീനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എങ്കിലും ഡീനിനോടുള്ള ചീഫ് വിപ്പിന്റെ എതിര്‍പ്പ് അവസാനിച്ചിട്ടില്ലെന്നാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പിസി ജോര്‍ജ് പ്രസ്താവന നടത്തിയത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് വിപ്പിനെ വഴിയില തടയുകയും ചീമ്മുട്ട എറിയുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ പിസി ജോര്ജുമായി വേദി പങ്കിടേണ്ടന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ അന്ന് വഴിയില്‍ തടയുകയും ചീമ്മുട്ട എറിയുകയും ചെയ്തതിന്റെ വിരോധമാണ് പിസി ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഡീന്‍ കുര്യാക്കൊസിനെതിരെ പ്രകടിപ്പിക്കുന്നത് എന്നാണു സൂചന.

Scroll To Top