Thursday December 08, 2016
Latest Updates

പൊതു മൈതാനങ്ങളില്‍ കളിക്കാന്‍ ഇനി കൗണ്‍സിലിന്റെ അനുമതി നേടണം

പൊതു മൈതാനങ്ങളില്‍ കളിക്കാന്‍ ഇനി കൗണ്‍സിലിന്റെ അനുമതി നേടണം

ഡബ്ലിന്‍ : മൈതാനങ്ങളില്‍ കളിക്കാന്‍ കൗണ്‍സിലുകളുടെ അനുമതി തേടണമെന്ന് നിര്‍ദേശം .പല ക്ലബ്ബുകളും കളിക്കാരുടെ കൂട്ടായ്മകളും ഇപ്രകാരം അനുമതി തേടാതെ മൈതാനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കൗണ്ടി കൌണ്‍സിലുകള്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത് .

സ്‌പോര്‍ട്‌സ് ക്ലബുകള്‍ ട്രെയിനിംഗ് നടത്തുന്നതിനും കളിക്കാരുടെ പ്രാക്ടീസിനും മൈതാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇനി നേരത്തേ അനുമതിവാങ്ങിയിരിക്കണമെന്നാണ് ഡബ്ലിന്‍ ,സൗത്ത് ഡബ്ലിന്‍ ,ഫിംഗല്‍ ഡണ്‍ലേരി എന്നി കൗണ്‍സിലുകള്‍ നിര്‍ദ്ദേശം വച്ചിരിക്കുന്നത്.

ഡണ്‍ലേരി കൗണ്ടിയില്‍ 40ഓളം ക്ലബുകളാണുള്ളത്, 90 മൈതാനങ്ങളും ഇവിടെയുണ്ട്.

വാരാന്ത്യത്തില്‍ നടത്തുന്ന ലീഗ് മാച്ചുകള്‍ക്കായി കൗണ്ടി പാര്‍ക്കുകളിലെ മൈതാനം അനുവദിച്ചുകൊടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ലെ, കേബറ്റിലി , സ്‌റ്റെപ്‌സൈഡ് എന്നിവിടങ്ങളില്‍ ട്രെയിനിംഗുകള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാനും കൗണ്‍സില്‍ സമ്മതിച്ചു.

എന്നാല്‍ പൊതുമൈതാനങ്ങള്‍ പലതിലും ക്ലബുകള്‍ ടീമുകളുടെ പരിശീലനത്തിനായി ഇപ്പോഴും അനുവാദം ചോദിക്കാതെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പരിശീലനങ്ങള്‍ ട്രാഫിക് ബ്ലോക്കുകള്‍ക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ടെന്ന് കൌണ്‍സില്‍ പ്രതിനിധി റിച്ചാര്‍ഡ് ഹംഫ്രിസ് പറഞ്ഞു.

പല മൈതാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതായി കൗണ്‍സിലിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
കൗണ്‍സിലിന്റെ ഈ തീരുമാനം കാണിച്ചുകൊണ്ട് എല്ലാ ക്ലബ്ബുകള്‍ക്കും കത്തയച്ചിട്ടുണ്ടെന്ന് കൗണ്‍സിലിന്റെ വക്താവ് അറിയിച്ചു.
കൗണ്ടി കൗണ്‍സിലിന്റെ തീരുമാനം അറിയിച്ചുകൊണ്ടയച്ച നിര്‍ദ്ദേശങ്ങള്‍ ക്ലബ്ബുകാര്‍ തെറ്റിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ക്ലബ്ബുകളുടെ ലൈസന്‍സ് റദ്ദാക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി വക്താവ് അറിയിച്ചു.പുതിയതായി ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അതാതു കൌണ്ടി കൌണ്‍സിലിലെ സ്‌പോര്‍ട്‌സ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്

Scroll To Top