Sunday December 04, 2016
Latest Updates

പൊതുസ്ഥലത്ത് ടയര്‍ കത്തിച്ചാല്‍ ഇനി പത്ത് കോടി പിഴ!

പൊതുസ്ഥലത്ത്  ടയര്‍ കത്തിച്ചാല്‍ ഇനി പത്ത് കോടി പിഴ!

പൂനെ: സമരം, ഹര്‍ത്താല്‍ എന്നൊക്കെ കേട്ടാല്‍ ശരാശരി ഇന്ത്യക്കാരന്റെ മനസ്സിലേക്ക് ആദ്യം വരിക നടുറോഡില്‍ ദുര്‍ഗന്ധം പരത്തി കത്തിത്തീരുന്ന ടയറുകളായിരിക്കും. അതിന് രാജ്യത്തെ സംസ്ഥാനങ്ങളില്‍ വടക്ക് കിഴക്കെന്നോ വിദ്യാഭ്യാസ നിലവാരമോ ഒന്നും വേര്‍തിരിവില്ല. ഒരു ടയറ് പോലും കത്താത്ത സമരങ്ങള്‍ പരാജയമാണെന്നാണ് നാട്ടുവെപ്പ്. എന്നാല്‍ ഇനി മുതല്‍ ഈ അപകടം നിറഞ്ഞ പരിപാടി നടത്തുന്ന കക്ഷികളെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍.
ഇങ്ങനെ ടയറുകള്‍ കത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ പത്ത് കോടി രൂപ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്. പുറമെ മൂന്ന് വര്‍ഷം തടവും ലഭിക്കും.
അമ്പമ്പോ ഇത്ര വലിയ പിഴയോ എന്ന് അത്ഭുതം കൂറാന്‍ വരട്ടെ, ടയര്‍ കത്തിക്കുന്നത് കൊണ്ടുണ്ടാകുന്ന പരിസ്ഥിതി, ജീവല്‍ പ്രശ്‌നങ്ങള്‍ നിസ്സാരമല്ലെന്നാണ് കോടതി പറയുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിനും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും എതിരെ ഒരു ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഹരിത ട്രിബ്യൂണലിന്റെ പൂനെ ആസ്ഥാനമായുളള പശ്ചിമമേഖല ബഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ടയര്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അക്കമിട്ട് പരാതിയില്‍ പറയുന്നത് കോടതി പൂര്‍ണമായും അംഗീകരിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ വിധി ബാധകമാണെങ്കിലും .ഈ സംസ്‌കാരത്തിന്റെ ആധിക്യം പരിഗണിച്ച് പ്രാഥമികമായി മഹാരാഷ്ട്ര,ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്കാണ് വിധി നടപ്പാക്കാനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം ജനദ്രോഹ സമരമുറകള്‍ക്കെതിരെ രംഗത്ത് വന്ന കോടതിയുടെ നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.

Scroll To Top