Thursday December 08, 2016
Latest Updates

പെഷവാറിലെ ഭീകരാക്രമണത്തില്‍ മരണ സംഖ്യ 145 ആയി; ക്രൂരത അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

പെഷവാറിലെ ഭീകരാക്രമണത്തില്‍ മരണ സംഖ്യ 145 ആയി; ക്രൂരത അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണ സംഖ്യ 145 ആയി. 132 കുട്ടികള്‍ക്ക് പുറമേ അധ്യാപകരും സ്‌കൂളിലെ ജീവനക്കാരും പാക്ക് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ക്ലാസ് മുറിയില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിവേചനരഹിതമായി വെടി വയ്ക്കുകയായിരുന്നു. അധ്യാപകരെ തീ കൊളുത്തി കൊന്നതായും റിപ്പോര്‍ട്ടുണ്ട്. സൈനികരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സൈനകരുടെ മക്കളാണ്. അഞ്ച് വയസിനും പതിനാറു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം പത്തരയോടെയായിരുന്നു ആക്രമണം. പാക്ക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ സൈനിക നടപടിക്കെതിരെയുള്ള പ്രതികാരമായാണ് സ്‌കൂളില്‍ ആക്രമണം നടത്തിയതെന്ന് പാക്ക് താലിബാന്‍ വ്യക്തമാക്കി. സൈന്യം തങ്ങളുടെ കുടുംബങ്ങളെ ആക്രമിക്കുന്നു അതുകൊണ്ട് തന്നെ ഈ വേദന സൈന്യം അറിയണമെന്ന് പാക്ക് താലിബാന്‍ വിശദീകരിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഉണ്ടായിരുന്നു. എട്ടു മണിക്കൂറ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ വൈകുന്നേരം ആറ് മണിയോടെ മുഴുവന്‍ ഭീകരരെയും പാക്ക് സൈന്യം വധിച്ചു. സ്‌കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ട ഭീകരര്‍ സൈന്യം കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കിയിരുന്ന ഹാളിലും ആക്രമണം നടത്തി. ഇവിടെ ചാവേറായി കടന്ന ഒരു ഭീകരാന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച കുട്ടികളെയും ഭീകരര്‍ വെടി വച്ചു കൊന്നു.

ഭീകരരുടെ സമാനതകളില്ലാത്ത ക്രൂരതയെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു. വിവരിക്കാനാകാത്ത ക്രൂരതയെന്ന് ഇന്ത്യ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ഭീകരാക്രമണത്തെ അപലപിച്ചു. നിരപരാധികളായ കുട്ടികള്ക്ക് നേരെ ആക്രമണം നടത്തിയത് വിവേകമില്ലാത്ത ക്രൂരതയാണെന്ന് അമേരിക്ക പ്രതികരിച്ചു.

Scroll To Top