Monday December 05, 2016
Latest Updates

പെഷവാര്‍ :കൂടുതല്‍ കുട്ടികളും കൊല്ലപ്പെട്ടത് അധ്യാപകരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍,കണ്ണീരണിഞ്ഞ് പാക്കിസ്ഥാന്‍ 

പെഷവാര്‍ :കൂടുതല്‍ കുട്ടികളും കൊല്ലപ്പെട്ടത് അധ്യാപകരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍,കണ്ണീരണിഞ്ഞ് പാക്കിസ്ഥാന്‍ 

പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 132 കുട്ടികളടക്കം 141 പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ ഇത്രയും കുട്ടികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. കൊല്ലപ്പെട്ടവരില്‍ സൈനികരും അധ്യാപകരും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 122 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

ആറു ഭീകരരെ കൊലപ്പെടുത്തിയതായി സൈനിക വക്താവ് അസിം ബവ്ജ അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷരീഫും പെഷവാറിലെത്തിയിട്ടുണ്ട്. 500 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ആക്രമണ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നത്. സൈനിക യൂണിഫോമിലെത്തിയ 810 ഭീകരര്‍ പെഷവാറിലെ വാര്‍സക് റോഡിലുള്ള സൈനിക സ്‌കൂളിനുളളില്‍ കടന്ന് വിദ്യാര്‍ഥികളെയും അധ്യാപകരേയും ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുളള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.

ശേഷിക്കുന്ന കുട്ടികളെ സൈന്യം മോചിപ്പിച്ചു. ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കളടക്കം വന്‍തോതില്‍ ആയുധങ്ങളുമായാണ് ഭീകരര്‍ സ്‌കൂളിനുളളില്‍ കടന്നത്. മുതിര്‍ന്ന കുട്ടികളെ ഭീകരര്‍ ഒന്നിനു പിറകെ ഒന്നായി വെടിവെച്ചു കൊന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 15ഓളം സ്‌ഫോടനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പ്രാദേശിക സമയം ഇന്നലെ രാവിലെ 10.30നാണ് ആക്രമണമുണ്ടായത്. തെഹ്‌രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കു പടിഞ്ഞാറന്‍ വസീറിസ്താനില്‍ തങ്ങളുടെ കുടുംബങ്ങളെ പാക് സൈന്യം ലക്ഷ്യം വെക്കുന്നതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് തെഹ്‌രീകെ താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖൊറാസാനി പറഞ്ഞു. കുടുംബങ്ങളുടെ വേദന എന്തെന്നു സൈനികരും സര്‍ക്കാറും തിരിച്ചറിയട്ടേയെന്നും അദ്ദേഹം പറഞ്ഞു. ചാവേറാക്രമണത്തിനു തയാറെടുത്തുള്ള സംഘമാണ് സ്‌കൂളിലെത്തിയതെന്ന് പാക് തെഹ്‌രീകെ താലിബാന്‍ അറിയിച്ചു.

മരിച്ചവരില്‍ 24 പേരുടെ മൃതദേഹങ്ങള്‍ പെഷവാറിലെ ലേഡി റീഡിങ് ആസ്പത്രിയിലേക്കു മാറ്റിയതായി ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യാ മുഖ്യമന്ത്രി പര്‍വേസ് ഖതാഖ് അറിയിച്ചു. 60 ഓളം മൃതദേഹങ്ങള്‍ കമ്പൈന്‍ഡ് സൈനിക ആസ്പത്രിയിലെത്തിച്ചതായി സൈനിക വക്താവ് അറിയിച്ചു. സമീപത്തെ ഖബര്‍സ്ഥാന്‍ വഴി സ്‌കൂളില്‍ പ്രവേശിച്ച ഭീകരര്‍ ആദ്യം മുതിര്‍ന്ന വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബന്ദികളാക്കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഏറെ പേര്‍ക്കും നെഞ്ചിലും തലക്കുമാണ് വെടിയേറ്റിട്ടുള്ളതെന്നു ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. അധ്യാപകരെ ജീവനോടെ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണ സമയത്തു സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രഥമ ശുശ്രൂഷയെ കുറിച്ചു സൈനികര്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നെന്നു സ്‌കൂള്‍ ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ആക്രമണത്തിനു പിന്നാലെ പെഷവാറിലേക്കുള്ള മുഴുവന്‍ വഴികളും സൈന്യം അടച്ചു. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിനു പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ആഹ്വാനം ചെയ്തു. പെഷവാറിലുണ്ടായ ആക്രമണം ദേശീയ ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരെ പൂര്‍ണമായും അമര്‍ച്ച ചെയ്യുന്നതിനുള്ള പോരാട്ടം തുടരുമെന്നും പെഷവാറില്‍ മാധ്യമങ്ങളോടു സംസാരിക്കവെ നവാസ് ഷരീഫ് വ്യക്തമാക്കി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. മനുഷ്യത്വരഹിതവും കിരാതവുമായ ആക്രമണത്തെ അപലപിക്കുന്നതായി പ്രധാന മന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇത്തരം ആക്രമണങ്ങള്‍ ഭീകരതയുടെ യഥാര്‍ത്ഥ മുഖമാണ് കാണിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

Scroll To Top