Friday December 02, 2016
Latest Updates

പെന്തകോസ്ത് വിശ്വാസത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള്‍ക്ക് 70,000 യൂറോ നഷ്ടപരിഹാരം

പെന്തകോസ്ത് വിശ്വാസത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള്‍ക്ക് 70,000 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെന്തകോസ്ത് വിശ്വാസികളോട് അവഗണനയെന്ന് ആരോപണം. പെന്തകോസ്ത് വിശ്വാസി ആയതിന്റെ പേരില്‍ വിവേചനം നേരിടുകയും ടിപ്പററി കൌണ്‍സിലിലെ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ആള്‍ക്ക് ഇക്വാളിറ്റി ട്രിബ്യൂണല്‍ 70,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചു. ജോണ്‍ മകറ്റീര്‍ എന്നയാള്‍ക്കാണ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്. പെന്തകോസ്ത് വിശ്വാസത്തിന്റെ പേരില്‍ ജോണ്‍ അവഗണ നേരിട്ടതായി കോടതി ട്രിബ്യൂണല്‍ കണ്ടെത്തി. 

ജോണ്‍ തന്റെ സഹപ്രവര്‍ത്തകരോട് നിരന്തരം സുവിശേഷം സംസാരിക്കാറുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജോണ്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കൌണ്‍സില്‍ അധികൃതര്‍ ജോണിനെ പുറത്താക്കിയത്. എന്നാല്‍ പുറത്താക്കല്‍ നടപടിക്കെതിരെ ഇയാള്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സുവിശേഷം സംസാരിക്കുന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ജോണ്‍ പറഞ്ഞു. 2010 ജൂലൈയിലാണ് ജോണ്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ക്ലോണ്‍മലിലെ പ്രാദേശിക കൌണ്‍സില്‍ ഓഫിസില്‍ സിവില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

2008 മുതല്‍ ഇയാള്‍ക്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കുകയും, 2009 ല്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരിന്നു. ഈ നടപടികള്‍ക്ക് ശേഷവും സുവിശേഷം പറയുന്നത് തുടര്‍ന്ന സാഹചര്യത്തിലാണ് ഇയാളെ പുറത്താക്കിയത്. അതേസമയം മതവിശ്വാസത്തിന്റെ പേരിലല്ല, മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തിന്റെ പേരിലാണ് ഇയാളെ പുറത്താക്കിയതെന്ന് കൌണ്‍സില്‍ അധികൃതര്‍ ട്രിബ്യൂണലില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എംപ്ലോയ്‌മെന്റ് ഇക്വാളിറ്റി ആക്റ്റ് പ്രകാരം എല്ലാ ജീവനക്കാര്‍ക്കും മതവിശ്വാസം വച്ചു പുലര്‍ത്താനുള്ള അവകാശമുണ്ടെന്ന് ഇക്വാളിറ്റി ഓഫീസര്‍ മരിയന്‍ ഡഫി വ്യക്തമാക്കി

Scroll To Top