Friday December 09, 2016
Latest Updates

പെനാല്‍റ്റി പോയിന്റ് റദ്ദാക്കല്‍ അഴിമതി ഇപ്പോഴും വ്യാപകമെന്ന് ഗാര്‍ഡ വിസില്‍ബ്ലോവര്‍ 

പെനാല്‍റ്റി പോയിന്റ് റദ്ദാക്കല്‍ അഴിമതി ഇപ്പോഴും വ്യാപകമെന്ന് ഗാര്‍ഡ വിസില്‍ബ്ലോവര്‍ 

ഡബ്ലിന്‍: ഗാര്‍ഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും പെനാല്‍റ്റി പോയിന്റ് ഒഴിവാക്കിക്കൊടുക്കുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഡ വിസില്‍ബ്ലോവര്‍ സെര്‍ജന്റ് മോറി മക്കെബെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രാഫിക് നിയമ ലംഘനം നടത്തുന്നവരില്‍ നിന്ന് പണം വാങ്ങിയാണ് പെനാല്‍റ്റി പോയിന്റ് റദ്ദാക്കി കൊടുക്കുന്നത്. ഗാര്‍ഡ ഓംബുഡ്‌സ്മാന് മോറി മക്കെബെ ഇത് സംബന്ധിച്ച തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൈമാറി. പെനാല്‍റ്റി പോയിന്റ് ഒഴിവാക്കുന്നത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ ഗൌരവമായാണ് കാണുന്നതെന്ന് ഗാര്‍ഡ ഓംബുഡ്‌സ്മാന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഗാര്‍ഡ ഓംബുഡ്‌സ്മാന്റെ ഓഫീസ് അറിയിച്ചു. 

ഇപ്പോഴും അഴിമതി തുടരുന്നതായി തനിക്ക് അറിയാമായിരുന്നെന്ന് ഫിനാഫാള്‍ ടിഡിയും പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റി ചെയര്‍മാനുമായ ജോണ്‍ മഗിന്നസ് പറഞ്ഞു. ഈ വര്‍ഷം ആദ്യമാണ് പെനാല്‍റ്റി പോയിന്റ് സംബന്ധിച്ച വിവാദം ആദ്യം ഉയര്‍ന്ന് വന്നത്. സമാനമായ അഴിമതി ഇപ്പോഴും നടക്കുന്നതായി ജോണ്‍ മഗിന്നസ് പറഞ്ഞു. ഇത് ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഓരോ റദ്ദാക്കലിലൂടെയും ഖജനാവിന് ലഭിക്കേണ്ട 80 യൂറോയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വീണ്ടും ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ റദ്ദാക്കിയ എല്ലാ പെനാല്‍റ്റി പോയിന്റുകളുടെയും ഓഡിറ്റ് നടത്തണമെന്ന് ഇടക്കാല ഗാര്‍ഡ കമ്മീഷണര്‍ നൂറിന്‍ ഓ സുള്ളിവന്‍ ആവശ്യപ്പെട്ടു. ഫിക്‌സഡ് ചാര്‍ജ് പെനാല്‍റ്റി സിസ്റ്റത്തില്‍ അനുശാസിക്കുന്നത് പ്രകാരം പെനാല്‍റ്റി പോയിന്റ് ചുമത്താത്ത സംഭവങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഗാര്‍ഡ പ്രസ് ഓഫീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗാര്‍ഡ പ്രസ് ഓഫീസ് വ്യക്തമാക്കി.

Scroll To Top