Thursday December 08, 2016
Latest Updates

പെണ്‍വാണിഭസംഘങ്ങള്‍ അയര്‍ലണ്ടില്‍ വിലസുന്നു ,ഓരോ വര്‍ഷവും 180 മില്യന്‍ യൂറോയുടെ ബിസിനസ് 

പെണ്‍വാണിഭസംഘങ്ങള്‍ അയര്‍ലണ്ടില്‍ വിലസുന്നു ,ഓരോ വര്‍ഷവും 180 മില്യന്‍ യൂറോയുടെ ബിസിനസ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമാകുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് പെണ്‍വാണിഭത്തിനായി കടത്തിക്കൊണ്ടു വരുന്ന യുവതികളെ ഉപയോഗിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. പെണ്‍വാണിഭം നടത്താന്‍ യൂറോപ്പില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമായി അയര്‍ലണ്ടിനെ കണക്കാക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റ നിയമത്തിലെ ചില പഴുതുകള്‍ കൂടി ഉപയോഗിച്ച് സെക്‌സ് ട്രാഫിക്കിംഗ് നടത്തുന്നവര്‍ യുവതികളെ കടത്തുന്നതായി ഇമിഗ്രന്റ് കൌണ്‍സില്‍ കുറ്റപ്പെടുത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന്
ഇമിഗ്രന്റ് കൌണ്‍സില്‍ ആവശ്യപ്പെട്ടു.

പെണ്‍വാണിഭത്തിലൂടെ പ്രതിവര്‍ഷം 180 മില്യന്‍ യൂറോ മുതല്‍ 250 മില്യന്‍ യൂറോ വരെ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. അയര്‍ലണ്ടില്‍ പെണ്‍വാണിഭ സംഘങ്ങളില്‍ അകപ്പെട്ട യുവതികളില്‍ 97 ശതമാനവും വിദേശികളാണ്. ഇതില്‍ തന്നെ ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന യുവതികളാണ് ഭൂരിപക്ഷവും. തൊഴില്‍ ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും വേണ്ടി ആളുകളെ കടത്തുന്ന മനുഷ്യക്കടത്ത് കേന്ദ്രമായി അയര്‍ലണ്ട് മാറിയതായി വിമര്‍ശനം ഉന്നയിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞയിടെ അമേരിക്ക പുറത്ത് വിട്ടിരുന്നു. അതിനു പിന്നാലെയാണ് അയര്‍ലണ്ടിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ വീണ്ടും ആക്ഷേപം ഉയരുന്നത്.

മനുഷ്യക്കടത്ത് ഫലപ്രദമായി തടയാനുള്ള നിയമങ്ങളുടെ അഭാവമാണ് ഇത്തരം സംഘങ്ങള്‍ സജീവമാകാനുള്ള കാരണം. പെണ്‍വാണിഭം ക്രിമിനല്‍ കുറ്റമാക്കിയ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ഇതിനെതിരെയുള്ള നിയമ നിര്‍മ്മാണം ഇഴയുകയാണെന്ന് ഇമിഗ്രന്റ് കൌണ്‍സില്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പെണ്‍വാണിഭത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ ശക്തമായ നിയമങ്ങള്‍ പാസാക്കി കഴിഞ്ഞു. എന്നാല്‍ അയര്‍ലണ്ട് മാത്രം നിയമ നിര്‍മ്മാണം വൈകിപ്പിക്കുകയാണ്.

Scroll To Top