Saturday December 10, 2016
Latest Updates

പൂട്ട് വീഴുന്ന ബാറുകള്‍ ബിയര്‍ പാര്‍ലറാകും

പൂട്ട് വീഴുന്ന ബാറുകള്‍ ബിയര്‍ പാര്‍ലറാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചു പൂട്ടുന്ന ബാറുകള്‍ ഭാവിയില്‍ ബീയര്‍, വൈന്‍ പാര്‍ലറാകാം. സംസ്ഥാനത്ത് ബീയര്‍, വൈന്‍ വില്‍പ്പന സര്‍ക്കാര്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ അടച്ചുപൂട്ടുന്ന ബാറുകള്‍ ആവശ്യമെങ്കില്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കി മാറ്റാന്‍ നിയമസാധുതയുണ്ടെന്നാണ് ഇതു സംബന്ധിച്ച വിദഗ്ധര്‍ നല്‍കുന്ന സൂചന. ബീയര്‍, വൈന്‍ വില്‍പ്പന സര്‍ക്കാര്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ ബാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് പുതിയ അപേക്ഷ നല്‍കാന്‍ കഴിയുമെന്നാണ് എക്‌സൈസിലെ ഉന്നതര്‍ പറയുന്നത്.

4 ലക്ഷം രൂപയാണ് ബിയര്‍ ലൈസന്‍സിനുള്ള ഫീസ്. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ ബാര്‍ ലൈസന്‍സ് എടുക്കുമ്പോള്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുള്ള അംഗീകാരവും ഹോട്ടലുകള്‍ക്ക് ലഭിക്കുമെങ്കിലും ലൈസന്‍സ് റദ്ദു ചെയ്യുമ്പോള്‍ ഇവയ്ക്കുള്ള അംഗീകാരവും നഷ്ടപ്പെടുമെന്നതിനാലാണ് ഹോട്ടലുകള്‍ക്ക് പുതിയ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് എടുക്കേണ്ടി വരുന്നത്.

നിലവില്‍ കെ.ടി.ഡി.സിയുടെ ഉള്‍പ്പെടെ സംസ്ഥാനത്ത് 121 ബിയര്‍ പാര്‍ലറുകളാണ് ഉള്ളത്. നിലവിലുള്ള 121ബിയര്‍ പാര്‍ലറുകളില്‍ 100 എണ്ണം റിസോര്‍ട്ടുകളിലും മധ്യനിര ഹോട്ടലുകളിലുമാണ്. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അടച്ചുപൂട്ടുന്ന ബാറുകള്‍ക്കും ബിയര്‍, വൈന്‍ വില്‍പ്പന തുടങ്ങാന്‍ സാധ്യതയേറും. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Scroll To Top