Monday December 05, 2016
Latest Updates

പുലികളി : തൃശ്ശൂര്‍ ഒരുങ്ങി

പുലികളി : തൃശ്ശൂര്‍ ഒരുങ്ങി

ഓണാഘോഷങ്ങളും പൂവിളികളും കെട്ടടങ്ങിക്കൊണ്ടിരിക്കുന്നു. തൃശ്ശൂരുകാര്‍ മാത്രം എന്നാല്‍ ഇന്നും വിശ്രമിച്ചിട്ടില്ല. ജില്ലയിലങ്ങോളമിങ്ങോളം നടക്കാന്‍ പോകുന്ന പുലികളിക്കുവേണ്ടിയുള്ള ഒരുക്കത്തിലാണ് അവര്‍. കടകളുടെ വരാന്തയില്‍ പുലിമുഖങ്ങള്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.
പലപ്രായക്കാരും പ്രകൃതക്കാരും പുലികളുടെ വേഷം കെട്ടി നിറഞ്ഞാടാനുള്ള തയ്യാറെടുപ്പിലാണ്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന വെറുമൊരു കളിയായല്ല ഒരു ആഘോഷമായിതന്നെയാണ് അവര്‍ പുലികളിയെ കാണുന്നതും.
പണ്ടുകാലത്ത് ചായങ്ങള്‍ ഉപയോഗിച്ചാണ് ദേഹത്ത് ചുട്ടികുത്തിയിരുന്നത്. എന്നാല്‍ ഇന്ന് പുലികളിക്കാര്‍ ഉപയോഗിക്കുന്നത് ചായങ്ങളല്ല, പെയിന്റാണ്. രണ്ടോ മൂന്നോ കോട്ടുകള്‍ അടിക്കുകയാണെങ്കില്‍ മാത്രമാണ് നിറം ശരിക്ക് പ്രതിഫലിക്കുകയുള്ളൂ.
ചെണ്ടയുടെ ധ്രുതതാളത്തില്‍ ചടുലവും താളാത്മകവുമായ ചലനങ്ങളിലൂടെ കാണികളെ ഇവര്‍ ആകര്‍ഷിക്കുകയാണ്. പണ്ടു കാലത്ത് പല ഗ്രൂപ്പുകാര്‍ വീടുകള്‍ തോറും കയറിയിറങ്ങികളിക്കാറായിരുന്നു പതിവ്. വീടുകളില്‍ നിന്നും ഇവര്‍ക്ക് കളിക്ക് കാശും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് കളി നടക്കുന്നത്. വഴക്കും വക്കാണവും ഒഴിവാക്കി കൃത്യമായ കൂലി അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇന്ന് അവര്‍ കളി അവതരിപ്പിക്കുന്നു.
തെക്കന്‍ ജില്ലകളില്‍ ഇത് പുലിവേഷത്തിനു പകരം കരടിയുടെ വേഷമാണ് കെട്ടാറ്. കരടിവേഷക്കാര്‍ ദേഹത്ത് ഓലയും മറ്റും വച്ചുകെട്ടി തെയ്യക്കോലങ്ങളായാണ് കാണപ്പെടുന്നത്.
തൃശ്ശൂരിന്റെ പലഭാഗങ്ങളിലായി നിറങ്ങള്‍ വാരി വിതറി ഇവര്‍ ചുവടുവയ്ക്കും. ടൂറിസം വകുപ്പും കോര്‍പ്പറേഷനും ഒക്കെയാണ് സ്ഥലവും സമയപരിധിയും നിര്‍ണയിക്കുന്നത്

Scroll To Top