Sunday December 11, 2016
Latest Updates

പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്‍കുന്നതില്‍ തനിക്ക് തുറന്ന സമീപനമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്‍കുന്നതില്‍ തനിക്ക് തുറന്ന സമീപനമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍: കത്തോലിക്ക സഭയിലെ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍. പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്‍കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. അതേസമയം വനിതകളെ പുരോഹിതരായി നിയമിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ പറഞ്ഞു.

സഭയിലെ പുരോഹിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ വനിതകള്‍ക്കും പൌരോഹിത്യ പദവി നല്കണമെന്നു ഒരു അഭിപ്രായം ഉയര്‍ന്നിരുന്നു. പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മാര്‍പാപ്പ അഭിപ്രായം പ്രകടിപ്പിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്ക സഭകളില്‍ നിന്നും ഇത് സംബന്ധിച്ച അഭിപ്രായം അറിയാന്‍ താല്പ്പര്യമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു. പ്രാദേശിക സഭ അധികാരികളുടെയും വിശ്വാസികളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞത്. അതേസമയം പ്രാദേശിക സഭ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ സ്വന്തം നിലക്ക് തീരുമാനം എടുക്കരുതെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ ഈ അഭ്യര്‍ത്ഥനയുടെ പശ്ചാത്തലത്തിലാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മാര്‍പാപ്പ എന്ത് തീരുമാനിക്കുന്നു എന്നറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിന്‍ കത്രീഡലില്‍ നടന്ന ഈസ്റ്റര്‍ ആരാധനയ്ക്കിടെയാണ് അദ്ദേഹം പുരോഹിതര്‍ക്ക് വിവാഹ അനുമതി നല്‍കുന്നത് സംബന്ധിച്ച് തുറന്ന സമീപനമാണ് തനിക്കെന്ന് പ്രഖ്യാപിച്ചത്. ആര്‍ച്ച് ബിഷപ്പ് പദവിയില്‍ താന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുകയാണെന്നും ഈ പത്ത് വര്‍ഷ കാലയളവിനുള്ളില്‍ സഭയ്ക്ക് നല്ലതും ചീത്തയുമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചതായും അദ്ദേഹം ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

Scroll To Top