Sunday December 04, 2016
Latest Updates

പുതിയ മോര്‍ട്ട്‌ഗേജ് വ്യവസ്ഥകള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പിഐബിഎ

പുതിയ മോര്‍ട്ട്‌ഗേജ് വ്യവസ്ഥകള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പിഐബിഎ

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയ സെന്‍ട്രല്‍ ബാങ്ക് നടപടിക്കെതിരെ പ്രൊഫഷനല്‍ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ (പിഐബിഎ). ബാങ്കിന്റെ പുതിയ വ്യവസ്ഥകള്‍ പ്രതീക്ഷിച്ചതിലുമധികം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പിഐബിഎ മുന്നറിയിപ്പ് നല്‍കി. വരുന്ന ജനുവരി ഒന്നിന് പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനവുമായി മുന്നോട്ടു പോകാന്‍ ബാങ്ക് തീരുമാനിച്ചാല്‍ ഭവന വിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് പിഐബിഎയുടെ മുന്നറിയിപ്പ്. 

പുതിയ വ്യവസ്ഥകള്‍ പ്രകാരം ആദ്യമായി വീട് വാങ്ങുന്നവരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇത് യുവ ദമ്പതിമാരെ കടുത്ത പ്രതിസന്ധിയിലാക്കും. പലരും തുക കണ്ടെത്താനാകാതെ വീട് ഒരു സ്വപ്നമായി അവശേഷിക്കുകയോ അല്ലെങ്കില്‍ മോര്‍ട്ട്‌ഗേജിനായി തുക മാറ്റി വച്ച് മറ്റ് ആവശ്യങ്ങള്‍ നടക്കാതെ വരികയോ ചെയ്യും. പ്രധാനമായും ആദ്യമായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനമായി വര്‍ധിപ്പിച്ച നടപടിയാണ് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നത്.കടുത്ത വ്യവസ്ഥകളില്‍ ചില ഇളവുകള്‍ കൊണ്ടുവന്നേക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സൂചന നല്‍കിയെങ്കിലും അതിനുള്ള നടപടി ക്രമങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. 

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 20 ശതമാനം ഡെപ്പോസിറ്റ് എന്ന വ്യവസ്ഥ പിന്‍വലിക്കുന്നില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്ന് പിഐബിഎ വക്താവ് റേച്ചല്‍ ഡോയല്‍ പറഞ്ഞു. ഡെപ്പോസിറ്റ് ഉയര്‍ത്തിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കണ്‍സള്‍ട്ടേഷന്‍ രേഖ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട് . നിലവിലെ കണ്‍സള്‍ട്ടേഷന്‍ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കരുതെന്ന് ഡോയല്‍ ആവശ്യപ്പെട്ടു. അപേക്ഷകരുടെ വരുമാനത്തില്‍ 3.5 ഇരട്ടിയില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് അനുവദിക്കരുതെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.

Scroll To Top