Wednesday December 07, 2016
Latest Updates

പുതിയതായി വാങ്ങുന്ന വീടുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

പുതിയതായി വാങ്ങുന്ന വീടുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി വാങ്ങുന്ന വീടുകള്‍ ലെവി ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്റെ ഡബ്ലിനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. പുതിയ വീടുകള്‍ക്ക് 1% ലെവി ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ. ഈ ലെവി ഏര്‍പ്പെടുത്തുന്നതിലൂടെ സോഷ്യല്‍ ഹൗസിങ്ങിനായി പണം കണ്ടെത്താനാകുമെന്നാണ് ഫെഡറേഷന്റെ നിര്‍ദ്ദേശം. പുതിയ വീടുകള്‍ക്ക് ഒരു ശതമാനം ലെവി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രം 60 മില്യന്‍ യൂറോ സമാഹരിക്കാന്‍ കഴിയുമായിരുന്നു. ഈ വര്‍ഷം ഈ ലെവി നിലവില്‍ വന്നാല്‍ 75 മില്യന്‍ യൂറോ സമാഹരിക്കാന്‍ കഴിയുമെന്നും ഫെഡറേഷന്‍ വെളിപ്പെടുത്തി. 

ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ക്രാംപ്റ്റന്‍ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രോപ്പര്‍ട്ടി പ്ലാനിംഗ് ലെജിസ്ലേഷന്റെ പാര്‍ട്ട് അഞ്ച് ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ അധികം ഫണ്ട് സമാഹരിക്കാന്‍ സാധിക്കുമെന്ന് ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. പ്ലാനിംഗ് ലെജിസ്ലേഷന്റെ പാര്‍ട്ട് അഞ്ച് പ്രകാരം പ്ലാനിംഗ് അനുമതിക്കായി അപേക്ഷിക്കുന്ന ഓരോ ഹൌസിംഗ് പ്രോജക്ടിന്റെയും അഞ്ചില്‍ ഒന്ന് സ്ഥലം അല്ലെങ്കില്‍ അതിനു തുല്യമായ തുക സോഷ്യല്‍ ഹൗസിങ്ങിനായി നല്‍കണമെന്നാണ് നിയമം. ലെവി ഏര്‍പ്പെടുത്തിയാല്‍ ഇപ്രകാരം സമാഹരിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ സോഷ്യല്‍ ഹൗസിങ്ങിനായി സമാഹരിക്കാന്‍ കഴിയുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

അതേ സമയം പുതിയതായി വീട് വാങ്ങാന്‍ ഇരിക്കുന്നവരെ പ്രതിസന്ധിയില്‍ ആഴ്ത്തുന്ന ഒരു ശിപാര്‍ശ ആയാണിതിനെ സാധാരണക്കാര്‍ കാണുന്നത്.തീരുമാനം നടപ്പിലായാല്‍ ഒരു ശതമാനം തുക വീട് വാങ്ങുന്നവര്‍ അധികമായി കണ്ടെത്തേണ്ടിവരും.

Scroll To Top