Sunday December 04, 2016
Latest Updates

പി സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറി :ജോര്‍ജിനെ കൈകാര്യം ചെയ്യുമെന്നു മുരളീധരന്‍

പി സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറി :ജോര്‍ജിനെ കൈകാര്യം ചെയ്യുമെന്നു മുരളീധരന്‍

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനം. ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നതില്‍ മന്ത്രിമാര്‍ ഒന്നടങ്കം അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ചു.

പ്രതിപക്ഷത്തെപ്പോലും കാഴ്ചക്കാരായി നിര്‍ത്തിക്കൊണ്ടാണ് ചീഫ് വിപ്പ് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനം നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും ഷിബു ബേബി ജോണും തിരുവഞ്ചൂരിനൊപ്പം ജോര്‍ജിനെ വിമര്‍ശിച്ചു. മന്ത്രിമാരുടെ വികാരത്തോട് മുഖ്യമന്ത്രിയും യോജിച്ചു. ഒടുവില്‍ പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് ജോര്‍ജിനോട് ആവശ്യപ്പെടാമെന്ന് കെ എം മാണി ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്.

പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് തന്നെ നിയന്ത്രിക്കണമെന്ന് ഇതിനിടെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയോട് ആവശ്യപ്പെട്ടു . ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ജോര്‍ജിനെ മാണി നിയന്ത്രിക്കണം. ജോര്‍ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഇത് നിയന്ത്രിക്കേണ്ടത് കെ എം മാണിയാണ് ചെന്നിത്തല പറഞ്ഞു.

ഇതേസമയം, ജോര്‍ജിനെതിരെ ശക്തമായ നിലപാടുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. പി സി ജോര്‍ജ് കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും ജോര്‍ജിന് പ്രസംഗിക്കാന്‍ വേദി നല്‍കരുതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു
പി.സി. ജോര്‍ജ് ഈ നിലയ്ക്കാണു പോകുന്നതെങ്കില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യുമെന്ന് കെ. മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസിനെ ആരും ഭരിക്കാന്‍ വരേണ്ട. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തങ്ങള്‍ക്കു കഴിവുണ്ട്.
ജോര്‍ജ് മര്യാദയുടെ എല്ലാ സീമയും ലംഘിക്കുകയാണ്. ഇങ്ങനെ മുന്നോട്ടുപോയാല്‍ കൈകാര്യം ചെയ്യേണ്ടിവരും. ജോര്‍ജിന് ഇടതുമുന്നണിയോടാണ് സ്‌നേഹമെങ്കില്‍ രാജിവച്ചുപോകാം. അദ്ദേഹം ചീഫ് വിപ്പ് സ്ഥാനത്തു തുടരണോയെന്നു യു.ഡി.എഫ്.ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Scroll To Top