Saturday December 03, 2016
Latest Updates

പി സദാശിവം കേരള ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

പി സദാശിവം കേരള ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരള ഗവര്‍ണറായി നിയമിതനായ പി സദാശിവം നാളെ ചുമതലയേല്‍ക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന നേതാക്കളില്‍ നിന്നുള്ള രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് സദാശിവത്തെ ഗവര്‍ണറായി നിയമിച്ചത്. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച് കൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ഷീല ദീക്ഷിതിന്റെ രാജി അംഗീകരിക്കുകയും ചെയ്തു. നാളെയാണ് സദാശിവത്തിന്റെ സത്യപ്രതിജ്ഞ. അദ്ദേഹം ഇന്ന് വൈകുന്നേരം തലസ്ഥാനത്ത് എത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ശേഷം ഗവര്‍ണറാകുന്ന ആദ്യ വ്യക്തിയാണ് പി സദാശിവം. കോണ്‍ഗ്രസും സിപിഎമ്മും സദാശിവത്തിന്റെ നിയമനത്തെ എതിര്‍ത്തിരുന്നു.

രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസ് പദവി വഹിച്ച ഒരാള്‍ രാഷ്ട്രപതിയുടെ കീഴില്‍ ഗവര്‍ണറായി ഇരിക്കുന്നത് ശരിയല്ലെന്ന് നിയമ രംഗത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തമിഴ്‌നാടിന്റെ നോമിനിയായാണ് സദാശിവം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനായതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തമിഴ്‌നാട് നോമിനി ആയ ഒരാള്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന് എതിരെ നിലപാട് സ്വീകരിച്ചേക്കുമെന്നും സംസ്ഥാനം ആശങ്ക ഉന്നയിച്ചിരുന്നു.

അതേസമയം സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ഷീല ദീക്ഷിതിന് സര്‍ക്കാര്‍ ഔദ്യോഗികമായി യാത്രയയപ്പ് നല്‍കി. രാവിലെ 10.30 ഓടെയായിരുന്നു യാത്രയയപ്പ് ചടങ്ങ്. തുടര്‍ന്ന് ഷീലാ ദീക്ഷിതിന് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് 11 മണിക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഷീല ദീക്ഷിത് ഡല്‍ഹിക്ക് തിരിച്ചു.

Scroll To Top