Saturday December 03, 2016
Latest Updates

പിഴ ശിക്ഷ ഇരട്ടിയിലധികമാക്കി; രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു

പിഴ ശിക്ഷ ഇരട്ടിയിലധികമാക്കി; രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു. ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ ശിക്ഷ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, റോംഗ് സൈഡ് വാഹനമോടിക്കുക, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപയായിരിക്കും പിഴ. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് 10000 രൂപ മുതല്‍ 15,000 രൂപ വരെ പിഴ ഈടാക്കും. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നു.

പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് തയ്യാറായി. വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നവരില്‍ നിന്ന് 4000 രൂപ പിഴ ഈടാക്കും. കുറ്റകൃത്യത്തിന്റെ ഗൌരവം കണക്കിലാക്കി ഈ പിഴ 10000 രൂപ വരെയായി ഉയര്‍ത്താനും നിയമം ശുപാര്‍ശ ചെയ്യുന്നു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് 2500 രൂപയായിരിക്കും ഇനി പിഴ ഈടാക്കുക. മദ്യപിച്ച് വാഹനം ഓടിക്കുന്നവരില്‍ നിന്ന് കഴിച്ചിരിക്കുന്ന മദ്യത്തിന്റെ അളവിന് അനുസരിച്ച് 15000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കും.

വാഹനാപകടത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവറില്‍  നിന്ന് 3 ലക്ഷം രൂപ പിഴ ഈടാക്കുകയും ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. തകരാറുള്ള വാഹനം വിപണിയില്‍ ഇറക്കുന്ന വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും നിയമം ശുപാര്‍ശ ചെയ്യുന്നു. ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top