Friday December 09, 2016
Latest Updates

പിഞ്ചു കുഞ്ഞിനെ എറിഞ്ഞു മൃതപ്രായനാക്കിയവന് കൊടുത്ത ശിക്ഷ പോരെന്ന് കോടതി

പിഞ്ചു കുഞ്ഞിനെ എറിഞ്ഞു മൃതപ്രായനാക്കിയവന് കൊടുത്ത ശിക്ഷ പോരെന്ന് കോടതി

ലിമറിക്ക് :മൂന്നാഴ്ച്ച പ്രായമുള്ള കുഞ്ഞിനെ തല്ലിയും എറിഞ്ഞും കൊല്ലാക്കൊല ചെയ്തവന്റെ ശിക്ഷ കുറഞ്ഞു പോയെന്ന് തിരിച്ചറിഞ്ഞ കോടതി ,ശിക്ഷാകാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തി.
ഒരു പിഞ്ചു കുഞ്ഞിനോട് കാണിക്കാവുന്നതില്‍ വച്ച് ഏറ്റവും ക്രൂരതയാണ് ലാറി കോണര്‍ എന്ന 21കാരന്‍ കാണിച്ചതെന്നും അയാള്‍ മൂന്നു വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍പ്പോരെന്നുമുള്ള കോടതി തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.
2010 ഡിസംബര്‍ 15നും അടുത്ത വര്‍ഷം ജനുവരി 3നും പിഞ്ചു കുഞ്ഞിനു നേരെ നടന്ന ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് 2012 ഫെബ്രുവരിയില്‍ ലാറി കോണര്‍ എന്നിസ് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകള്‍ക്ക് പാത്രമായ കുഞ്ഞിനെ മിഡ്‌വെസ്റ്റേണ്‍ റീജിയണല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഇരു കൈകളും തകര്‍ന്ന നിലയിലും, കൈമുട്ട് സ്ഥാനം തെറ്റിയ നിലയിലും, ശരീരത്തില്‍ ചതവുകളോടും മുറിവുകളോടും കൂടിയും പൊള്ളലേറ്റ നിലയിലും തലച്ചോറില്‍ രക്തസ്രാവം ഉണ്ടായ നിലയിലും ആണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായിലുണ്ടായിരിക്കുന്ന ഒരു മുറിവുമായി ബന്ധപ്പെട്ട് കുട്ടിക്ക് സ്പീച്ച് തെറാപ്പിയുടെയും ആവശ്യം ഉണ്ടായിരുന്നു. കുട്ടി സുരക്ഷിതമായി ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ശരീരത്തിലേറ്റ ക്ഷതങ്ങള്‍ ഭാവിയില്‍ ഏതു തരത്തില്‍ ബാധിക്കും എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും വ്യക്തമായ ധാരണയില്ല.
തന്റെ കുഞ്ഞിനെ കോണര്‍ ഏതൊക്കെ തരത്തിലാണ് ക്രൂരമായി അക്രമിച്ചതെന്ന് കുഞ്ഞിന്റെ അമ്മ കോടതിക്കുമുന്‍പാകെ വിശദമാക്കി. തങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റില്‍ കയറിയ കോണര്‍ കുഞ്ഞിനെ തല്ലുകയും മാന്തുകയും ഇടിക്കുകയും എടുത്തെറിയുകയും ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു.
എന്നാല്‍ വെറും മൂന്നാഴ്ച്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് കരയുകയല്ലാതെ പ്രതികരിക്കാനുള്ള ശേഷി പോലുമില്ലായിരുന്നു. ഇത്തരം ക്രൂരതയില്‍ നിന്ന് തന്റെ കുഞ്ഞിനെ കോണറില്‍ നിന്നും രക്ഷിക്കാന്‍ തനിക്കും സാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണറിന് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത് ജഡ്ജ് കരോല്‍ മോറന്‍ ആയിരുന്നു. കുഞ്ഞിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ദേഹത്തേറ്റിരിക്കുന്ന മുറിവുകള്‍ ഗുരുതരമാണെന്നും വളരെയധികം വേദന കുഞ്ഞ് സഹിക്കേണ്ടി വന്നിരുന്നെന്നും വ്യക്തമായതോടെയാണ് മൂന്നു വര്‍ഷത്തെ ശിക്ഷ ജഡ്ജ് വിധിച്ചത്.
പക്ഷേ, ഈ ശിക്ഷ വളരെ കുറഞ്ഞുപോയെന്നു കാണിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ അപ്പീല്‍ നല്‍കിയതോടെയാണ് ശിക്ഷയില്‍ മാറ്റം വരുത്തിയത്.

Scroll To Top