Friday December 09, 2016
Latest Updates

പാര്‍പ്പിട ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന് വരേദ്കര്‍

പാര്‍പ്പിട ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന് വരേദ്കര്‍

ഡബ്ലിന്‍: ഡബ്ലിന്‍ മേഖലയിലുള്ള വീടുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ രംഗത്ത്. ആവശ്യക്കാര്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡബ്ലിന്‍ മേഖലയിലെ ഹൗസിംഗ് ക്ഷാമം പരിഹരിക്കണമെന്നാണ് വരദ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ സര്‍ക്കാര്‍ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണെന്നും എന്നാല്‍ മുന്‍പ് സംഭവിച്ചതുപോലെയുള്ള തെറ്റുകള്‍ അവിടെ ആവര്‍ത്തിക്കപ്പെടരുതെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.
.
ഇത്തരത്തിലുള്ള ഭവനക്ഷാമം വില വര്‍ദ്ധിക്കുന്നതിന് കാരണമാവുന്നുണ്ടെന്നും പുതിയവീട് സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അത് സാധിക്കാതെ വരികയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.നിലവില്‍ വാടക വീടുകള്‍ പോലും മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് .

മികച്ചരീതിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും അത്തരത്തില്‍ ഭവന വ്യാപാരം മെച്ചപ്പെടുത്തണമെന്നും വരദ്കര്‍ പറഞ്ഞു. ഇഎസ്ആര്‍ഐയിലെ പഠനങ്ങളിലും ഡബ്ലിന്‍ ഏരിയയിലെ ഭവന വ്യാപാരം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ഭവന നിര്‍മ്മാണം ഡബ്ലിന്‍ മേഖലയില്‍ വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വാറ്റും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്നും വരദ്കര്‍ പറയുന്നു.
വീട്ടുടമസ്ഥര്‍ക്ക് 5000 യൂറോയ്ക്ക് വരെ വീടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രയാസം കൂടാതെ ചെയ്യാം. സര്‍ക്കാര്‍ വാറ്റ് നിരക്ക് കുറച്ചിരിക്കുകയാണ്.

ഡബ്ലിന്‍ ഏരിയയില്‍ 2013ലെ ആദ്യ ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ ആകെ 750തോളം വീടുകളാണ് പുതുതായി നിര്‍മ്മിച്ചതെന്നാണ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി അതോറിറ്റി ഫെഡറേഷന്‍ അറിയിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭവനനിര്‍മ്മാണം നടത്തി അവര്‍ക്ക് കൈമാറാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. വര്‍ദ്ധിച്ചരീതിയിലുള്ള നിര്‍മ്മാണചിലവുകള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചിരിക്കുകയുമാണ്. എന്നാല്‍ സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നതില്‍ ബാങ്കുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരിച്ചടവിനായുള്ള ബാങ്കുകളുടെ തിരിച്ചടവു നോട്ടീസുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് മന്ത്രി വരദ്കര്‍ പറഞ്ഞു.
പല സാഹചര്യങ്ങളിലും തിരിച്ചടവ് അത്യാവശ്യമാണ്. അയര്‍ലണ്ടിലെ റീപൊസഷന്‍ റേറ്റ് വളരെ കുറവുമാണ്. എന്നാല്‍ ഇതൊരു മികച്ച പരിഹാരമല്ലെന്നാണ് വരദ്കര്‍ പറയുന്നത്. ജനങ്ങള്‍ക്ക് ഇപ്പോള്‍ പലവിധത്തിലുള്ള ഓഫറുകള്‍ നല്‍കാനും ബാങ്കുകള്‍ക്ക് സാധിക്കുമെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top