Sunday December 11, 2016
Latest Updates

പാരീസ് ആക്രമണം: അക്രമികളില്‍ ഒരാള്‍ കീഴടങ്ങി

പാരീസ് ആക്രമണം: അക്രമികളില്‍ ഒരാള്‍ കീഴടങ്ങി

പാരീസ്: മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് പാരീസിലെ മാധ്യമസ്ഥാപനത്തില്‍ ആക്രമണം നടത്തി പന്ത്രണ്ട് മാധ്യമ പ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍ ഒരാള്‍ കീഴടങ്ങി. സംഭവത്തില്‍ പോലീസ് തെരയുന്ന മൂന്ന് പ്രതികളില്‍ ഒരാളായ ഹാമിദ് മുറാദ് എന്ന പതിനെട്ടുകാരനാണ് കീഴടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.

പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചി, സായിദ് കൊവാച്ചി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന സഹോദരങ്ങള്‍. ഇവരുടെ ഭാഗത്ത് നിന്നാണ് ഏറ്റവുമധികം ആക്രമണമുണ്ടായത്. വാരികയുടെ ഓഫീസില്‍ ആക്രമണം നടത്തിയ ശേഷം പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയും വധിച്ച സംഘം പുറത്ത് കിടന്ന കാര്‍ തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. കീഴടങ്ങിയ ഹാമിദ് മുറാദിനെ അറസ്റ്റ് ചെയ്തു. അപ്രതീക്ഷിത ആക്രമണത്തില്‍ പത്രാധിപരും പ്രസാധകരും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

2006 ല്‍ ഒരു ഡെന്മാര്‍ക്ക് പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഫ്രഞ്ച് മാഗസിന്‍ പുനപ്രസിദ്ധീകരിക്കുകയായിരുന്നു. കാര്‍ട്ടൂണില്‍ പ്രകോപിതരായ മത മൗലികവാദികള്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ 11.30 ന് വാരികയുടെ ഓഫീസ് ആക്രമിക്കുകയായിരുന്നു.

Scroll To Top