Wednesday December 07, 2016
Latest Updates

പാട്രിക്‌സ് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബ്രസീല്‍കാരനെ അതിദാരുണമായി ആക്രമിക്കുന്ന ഐറിഷ് കൗമാരക്കാരന്‍ :വീഡിയോ വൈറലാവുന്നു

പാട്രിക്‌സ് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബ്രസീല്‍കാരനെ അതിദാരുണമായി ആക്രമിക്കുന്ന ഐറിഷ് കൗമാരക്കാരന്‍ :വീഡിയോ വൈറലാവുന്നു

സെന്റ് പാട്രിക്‌സ് ദിനാഘോഷങ്ങള്‍ക്കിടയില്‍ ബ്രസീല്‍കാരനായ സഞ്ചാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തള്ളിയിടുകയും മുഖത്ത് തൊഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അയര്‍ലണ്ടിനെ ഞെട്ടിക്കുകയും നാണം കെടുത്തുകയും ചെയ്തുകൊണ്ട് ഓണ്‍ലൈനില്‍ വൈറലായി മാറുന്നു.

പരേഡില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളും പെട്ടത്. ഇവര്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ വൈറലായി മാറിയതോടെ ഗാര്‍ഡ സംഭവത്തെക്കുറിച്ച് ശക്തമായ രീതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രസിദ്ധപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. കൂടാതെ അക്രമികളെ പെട്ടെന്നു തിരിച്ചറിയാനും വീഡിയോയിലൂടെ സാധിക്കുകയും ചെയ്യും.

അക്രമികളില്‍ രണ്ടുപേര്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആളെ ആക്രമിച്ച് താഴെയിട്ടതിനു ശേഷം ഇവര്‍ റോഡിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ആസ്റ്റണ്‍ ക്വേയില്‍ വച്ചാണ് ഇവര്‍ ഒരാളെ തൊഴിച്ച് താഴെയിട്ടത്.

അക്രമികളില്‍ ഒരാള്‍ ഇരയുടെ മുഖത്ത് കാലുകൊണ്ട് തൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ചുറ്റുമുണ്ടായിരുന്നവര്‍ ഇത് കണ്ട് ഭയന്നു നിലവിളിക്കുകയും ചിതറിയോടുകയും ചെയ്യുകയായിരുന്നു.

അക്രമികള്‍ ഓടിമാറിയതിനു ശേഷം കണ്ടുനിന്നവര്‍ തറയില്‍ വീണുകിടക്കുന്ന ആളുടെ സഹായത്തിനായി എത്തുകയായിരുന്നു.
ഫേസ്ബുക്ക് വഴി ഈ ദൃശ്യം കാണാനിടയായവര്‍ പലരും ഇത് വളരെ മോശം പ്രവര്‍ത്തിയായാണ് കമന്റ് ചെയ്തിരിക്കുന്നത്.

അയര്‍ലണ്ടിന്റെ സംസ്‌കാരവും കലാപരമായ കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് ആളുകള്‍ സന്തോഷിക്കുന്നതിനിടയില്‍ നടത്തിയ ആക്രമണം അയര്‍ലണ്ടിനെതന്നെ നാണംകെടുത്തുന്ന പ്രവര്‍ത്തിയായെന്നും ആണ് പലരും അഭിപ്രായപ്പെട്ടത്.

പിയേര്‍സ് സ്ട്രീറ്റിലെ ഗാര്‍ഡ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും വീഡിയോവില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ ഗാര്‍ഡയെ വിവരം അറിയിക്കണമെന്നും ഒരു ഗാര്‍ഡ വക്താവ് അറിയിച്ചു.

വീഡിയോ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ഭയത്തോടെയിരിക്കുകയാണെന്നും അക്രമം തനിക്കുനേരെയും ഉണ്ടായേക്കാമെന്ന് പേടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സെന്റ് പാട്രിക് ദിനത്തില്‍ ആക്രമണം നടത്തിയത് 15വയസ്സിനടുത്ത് പ്രായമുള്ള കൗമാരക്കാരാണെന്ന് വീഡിയോവില്‍ വ്യക്തമാണ്.

Scroll To Top