Thursday December 08, 2016
Latest Updates

പാട്ടുകാരന്‍ വരന്‍ ( മൂന്ന് ലക്ഷം പേര്‍ കണ്ട വിവാഹ വീഡിയോ )

പാട്ടുകാരന്‍ വരന്‍ ( മൂന്ന്   ലക്ഷം പേര്‍ കണ്ട വിവാഹ വീഡിയോ )

വധുവിനെ കാത്ത് അള്‍ത്താരയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ഹൃദയം തുറന്നയാള്‍ പാടി. തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിക്ക് വിവാഹ സമ്മാനം എന്നതുപോലെ.

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒമാഗില്‍ വച്ച് നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പള്ളികളിലെ വിവാഹത്തിന് മംഗളമാശംസിച്ചുകൊണ്ട് പാടിയിരുന്ന നിയാല്‍ ഡൊണോളിയാണ് തന്റെ സ്വന്തം വധുവിനു വേണ്ടിയും ഗാനം ആലപിച്ചത്. അതും റൊനാന്‍ കീറ്റിംഗിന്റെ ഹൃദയ സ്പര്‍ശിയായ ‘ദിസ് ഐ പ്രോമിസ് യു’വിലെ വരികള്‍.

നിയാലിന്റെ വധുവായ ജില്‍ അരികിലെത്തിയപ്പോഴും വരന്‍ പാടിക്കൊണ്ടിരുന്നു. പാട്ടു കഴിഞ്ഞപ്പോള്‍ പള്ളിയില്‍ കരഘോഷം മുഴങ്ങി. പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

2010ലാണ് നിയാലിന്റെയും ജില്ലിന്റെയും വിവാഹം ഒമാഗിലെ ഡ്രംറാഗ് ചാപ്പലില്‍ വച്ച് നടന്നത്. അത് കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് വരന്‍ പാടുന്നതിന്റെ വീഡിയോ യൂടൂബില്‍ അപ്ലോഡ് ചെയ്തത്. ഇതിനകം തന്നെ 200,000ത്തില്‍ പരം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു. ഈയാഴ്ച്ചയാണ് ജീവിതത്തിന്റെ വഴിയിലേക്ക് കടക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ തരംഗമായത്. ഒട്ടേറെ ദമ്പതികളും കമിതാക്കളും ഇതിനകം തന്നെ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

എന്നാല്‍ പാട്ടു പാടിയതൊന്നും നിയാലിന് ഒരു പുത്തരിയായി തോന്നുന്നില്ല. പത്തുവര്‍ഷക്കാലമായി പള്ളികളിലെ കല്ല്യാണത്തിന് വധൂവരന്‍മാരെ ആശംസിച്ചു പാടിക്കൊണ്ടിരിക്കുകയാണ് നിയാലും സഹോദരി ബ്രൊണാഗ് ഹാക്കറ്റും.

വിവാഹങ്ങള്‍ക്ക് പാടുന്നത് പതിവാണെങ്കിലും സ്വന്തം വിവാഹദിനത്തില്‍ തന്റെ വധുവിനു വേണ്ടിയും പാടുക എന്നത് പിന്നീട് നിയാല്‍ എടുത്ത തീരുമാനമായിരുന്നു.
കല്ല്യാണത്തലേന്നാണ് സുഹൃത്തുക്കള്‍ അങ്ങിനെ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചതെന്നും എന്നാല്‍ ഒട്ടേറെ വധുക്കളെ പാടി വരവേറ്റ തനിക്കു തന്റെ വധുവിനെക്കൂടി അത്തരത്തില്‍ വരവേല്‍ക്കാന്‍ അവസരം ലഭിച്ചതായി കരുതിയാണ് പാടിയതെന്നും നിയാല്‍ പറഞ്ഞു.

മറ്റാര്‍ക്കും വേണ്ടിയോ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്താനോ അല്ല പാടിയതെന്നും നിയാല്‍ തന്നെ വ്യക്തമാക്കി.
കേട്ടറിഞ്ഞ് അന്വേഷിച്ച ചില സുഹൃത്തുക്കള്‍ക്കുവേണ്ടി വിവാഹ ആല്‍ബത്തില്‍ നിന്നും പാടുന്ന ഭാഗം കട്ട് ചെയ്ത് യൂടൂബില്‍ പ്രസിദ്ധപ്പെടുത്തിയതായിരുന്നു നിയാല്‍. ഇപ്പോള്‍ ഫേസ്ബുക്ക് വഴിയും വീഡിയോയ്ക്ക് പ്രചാരം ലഭിക്കുകയാണ്.
മെയ് മാസത്തില്‍ നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ദമ്പതികള്‍ . മകന്‍ ഡാനിന് ഇപ്പോള്‍ രണ്ടുവയസായി

Scroll To Top