Saturday December 10, 2016
Latest Updates

പാടുന്ന പാതിരിക്ക് പിന്നാലെ ഡാന്‍സ് ചെയ്യുന്ന പാതിരി 

പാടുന്ന പാതിരിക്ക് പിന്നാലെ ഡാന്‍സ് ചെയ്യുന്ന പാതിരി 

മാഡ്രിഡ്: പാട്ട് പാടുന്ന പാതിരിയുടെ വീഡിയോ യൂട്യൂബില്‍ വൈറലായതിന് പിന്നാലെ ഡാന്‍സ് ചെയ്യുന്ന പാതിരി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാകുന്നു. സ്‌പെയിനിലെ മലാഗയിലെ ഒരു പള്ളിയിലാണ് പാതിരി നൃത്തം ചെയ്തത്. പള്ളിയില്‍ തിങ്ങി നിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു അച്ചന്റെ ഡാന്‍സ്. വിശ്വാസികള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയും അച്ചന്റെ ഒപ്പം നൃത്തം ചെയ്യുന്നുണ്ട്. 

ഫാ. പെപെ എന്നറിയപ്പെടുന്ന ജോസ് പ്ലനാസ് മോരെനോ എന്ന 66 കാരനായ പാതിരിയാണ് പള്ളിയില്‍ നൃത്തം ചവുട്ടിയത്. പ്രായത്തിന്റെ അവശതകള്‍ ഒന്നുമില്ലാതെ ആവേശകരമായിരുന്നു അച്ചന്റെ നൃത്തം. പെപെ അച്ചന്റെ ഡാന്‍സ് വിശ്വാസികളില്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു. ജിപ്‌സികളുടെ പരമ്പരാഗത നൃത്തമായ ഫ്‌ലെമന്‍സൊ എന്ന നൃത്ത രൂപമാണ് അച്ചന്‍ അവതരിപ്പിച്ചത്.



തന്റെ അമ്മ ജിപ്‌സി വംശജ ആയിരുന്നെന്നു ഫാ. പെപെ പറഞ്ഞു. അതുകൊണ്ട് തന്നെ ഫ്‌ലെമന്‍സൊ നൃത്തം തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കലാരൂപമാണ്. സ്പാനിഷ് കത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളികളില്‍ വിശ്വാസികള്‍ കുറഞ്ഞു വരുന്നതായി അടുത്ത വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളെ ആകര്‍ഷിക്കാനാണോ അച്ചന്റെ നൃത്തമെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്. വസ്തുത എന്തായാലും പെപെ അച്ചന്റെ പള്ളിയില്‍ വിശ്വാസികള്‍ക്ക് ഒരു കുറവുമില്ല.

Scroll To Top