Sunday December 04, 2016
Latest Updates

പഴയ ഫോണുകള്‍ റീസൈക്കിള്‍ ചെയ്യുക; പരിസ്ഥിതിക്കും നിങ്ങളുടെ പോക്കറ്റിനും ഗുണം

പഴയ ഫോണുകള്‍ റീസൈക്കിള്‍ ചെയ്യുക; പരിസ്ഥിതിക്കും നിങ്ങളുടെ പോക്കറ്റിനും ഗുണം

ഏത് ഇലക്ട്രോണിക് സാധനത്തിനും ഒരു ആയുസുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കും ഈ ആയുസ് ബാധകമാണ്. ദീര്‍ഘകാല ഉപയോഗത്തിന് ശേഷം പുതിയ ഫോണ്‍ മാറ്റി വാങ്ങുമ്പോള്‍ പഴയ ഫോണ്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഫോണുകള്‍ പരിസ്ഥിതിക്ക് എത്രമാത്രം ദോഷകരമാണെന്ന് എത്ര പേര്‍ക്ക് അറിയാം. ഭൂരിപക്ഷം പേരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം. ഉപയോഗക്ഷമല്ലാത്ത ഫോണുകള്‍ റീസൈക്കിള്‍ ചെയ്താല്‍ ഒരു പരിധിവരെ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള അപകടം ഒഴിവാക്കാം. ഉപയോഗക്ഷമമല്ലാത്ത ഫോണുകള്‍ റീസൈക്കിള്‍ ചെയ്യുന്നതിലൂടെ പ്രകൃതിക്ക് ഗുണമാണ് എന്നതിലുപരി ഫോണിലെ പ്രവര്‍ത്തനക്ഷമമായ പാര്‍ട്‌സിന് പണം നേടാനും സാധിക്കും. 

ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ക്ക് പഴയ ഫോണുകളുടെ റീസൈക്ക്‌ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് സംവിധാനമുണ്ട്. പഴയ ഫോണുകള്‍ തിരിച്ച് എടുക്കുന്നതിന് ആപ്പിള്‍ വെബ്‌സൈറ്റില്‍ തന്നെ സൌകര്യമുണ്ട്. അധികം പഴക്കമില്ലാത്ത ഫോണുകള്‍ക്ക് കൂടുതല്‍ പണം ലഭിക്കും. അയര്‍ലണ്ടിലെ പ്രമുഖ കമ്പനികളായ വോഡഫോണ്‍, ഒ2, മെറ്റിയോര്‍, കാര്‍ഫോണ്‍ വെയര്‍ഹൌസ് തുടങ്ങിയ കമ്പനികളെല്ലാം തന്നെ പഴയ ഫോണുകള്‍ തിരിച്ച എടുക്കുന്നുണ്ട്. ഫോണ്‍ബാങ്ക്, എന്‍വിരോ ഫോണ്‍ , ജിവൈജി, തുടങ്ങിയ സ്ഥാപനങ്ങളും ജാക്ക് ആന്‍ഡ് ജില്‍ ഫൌണ്ടേഷനും പഴയ ഫോണുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ വാങ്ങുന്നുണ്ട്. 

ഇനി പഴയ ഫോണുകള്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. ആദ്യമായി പഴയ ഫോണുകള്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ അവയിലെ ഫയലുകള്‍ എല്ലാം ബാക്ക്അപ്പ് എടുക്കാന്‍ ശ്രദ്ധിക്കുക. ഫൈന്‍ഡ് മൈ ഫോണ്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഓഫാക്കുക. ഒരു തവണ ഫാക്ടറി റീസെറ്റ് ചെയ്യുക. ഫോണില്‍ നിന്ന് നിങ്ങളുടെ സിം കാര്‍ഡ് നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തുക. റീസൈക്കിള്‍ ചെയ്യുന്നതിന് മുന്‍പ് മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് ഉറപ്പാക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ പ്രൊഫഷനെ സംബന്ധിച്ച വിവരങ്ങളോ ഫോണില്‍ ഇല്ലെന്ന് ഉറപ്പാക്കുക. 

Scroll To Top