Saturday December 03, 2016
Latest Updates

പള്ളിയില്‍ ബഹളം ;ജനം ചിതറിയോടി

പള്ളിയില്‍ ബഹളം ;ജനം ചിതറിയോടി

ലൂത്ത്: ശവസംസ്‌കാര ചടങ്ങിനിടയില്‍ പള്ളിയില്‍ കൂട്ടത്തല്ല്. പതിനഞ്ചോളം വരുന്ന ആളുകള്‍ നിസാരമായ കാര്യത്തെ ചൊല്ലി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അടി നടക്കുകയുമായിരുന്നു.
ലൂത്ത് ഡണ്ടല്‍ക്കിലുള്ള സെന്റ് നിക്കോളാസ് പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥ ഉണ്ടായത്. കൊള്ളക്കാരുടെ അക്രമം എന്നാണ് ഫാദര്‍ നീല്‍ ഒ’ഡോണോ ഇതിനെ വിശേഷിപ്പിച്ചത്. അക്രമികളുടെ കയ്യില്‍ കത്തിയും ചുറ്റികയും ഉണ്ടായിരുന്നതായും ഫാദര്‍ പറയുന്നു. പള്ളിയില്‍ പാലിക്കേണ്ട യാതൊരു മര്യാദയും കൂടാതെയാണ് അക്രമികള്‍ കടന്നുവന്ന് ബഹളംവച്ചതെന്നും ഫാദര്‍ ഒ’ഡോണോ പറയുന്നു.
പള്ളിയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സമയത്താണ് ഇത്തരത്തില്‍ ഒരാക്രമണം നടന്നതെന്നും എന്നാല്‍ എല്ലാവരും അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടെന്നും ഫാദര്‍ ഒ’ഡോണോ കൂട്ടിച്ചേര്‍ത്തു.
കൂട്ടത്തല്ലു നടക്കുന്നതുപോലെയാണ് തോന്നിയതെന്നും വിശ്വാസികളൊക്കെ ചിതറി ഓടുകയായിരുന്നെന്നും ഫാദര്‍ പറഞ്ഞു.
പള്ളിയില്‍ കൂടി നിന്ന എല്ലാവരെയും അത് ഭയപ്പെടുത്തുകയും ചെയ്തതായും ഫാദര്‍ പറഞ്ഞു. ഒരു ആരാധനാലയത്തില്‍ അക്രമം നടത്തിയത് മര്യാദ ലംഘനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റമാണ് പള്ളിക്കുള്ളില്‍ അക്രമം നടക്കാന്‍ കാരണമായതെന്നാണ പ്രാഥമിക നിഗമനം. എന്നാല്‍ ഗാര്‍ഡ സ്ഥലത്തെത്തും മുന്‍പ് തന്നെ അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. വിശ്വാസികളില്‍ പലരും മാസ്സില്‍ പങ്കെടുക്കാനായി യുകെയില്‍ നിന്നും വന്നവരായിരുന്നു.
വാര്‍ഡ്‌സ് എന്നയാളുടെ ശവസംസ്‌കാര ചടങ്ങിനിടെയാണ് അക്രമം നടന്നത്. മരിച്ചയാളുടെ മൂന്നു മക്കളും അക്രമം കണ്ട് കൂടുതല്‍ ഭയന്നതായും ഫാദര്‍ ഒ’ഡോണോ പറഞ്ഞു.
വിശ്വാസികളില്‍ പലരും അക്രമത്തില്‍ വളരെയധികം പരിഭ്രമിച്ചുപോയിരുന്നു. സംഭവത്തെക്കുറിച്ച് ഗാര്‍ഡയ്ക്ക് അറിയിപ്പു നല്‍കിയതിനു ശേഷവും പ്രധാന പുരോഹിതന്‍ അള്‍ത്താരയ്ക്കുമുന്‍പില്‍ തന്നെ നില്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പരിസരം ശാന്തമാവുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് അന്വേഷണം നടക്കുന്നുവെങ്കിലും ഇതുവരെയായി ഗാര്‍ഡ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആ സമയം പള്ളിയില്‍ കൂടിനിന്നിരുന്ന വിശ്വാസികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. അക്രമികളെക്കുറിച്ചും അതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കുകയാണ് ഗാര്‍ഡ.

Scroll To Top