Saturday December 03, 2016
Latest Updates

പരാതി അന്വേഷണങ്ങളില്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്ന പ്രവണതയുണ്ടെന്ന്  അന്വേഷണ കമ്മീഷന്‍

പരാതി അന്വേഷണങ്ങളില്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്ന പ്രവണതയുണ്ടെന്ന്  അന്വേഷണ കമ്മീഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കെതിരായ പരാതികള്‍ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍. നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് നിയമിച്ച അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്. യുകെയില്‍ നിന്നുള്ള പ്രൊഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് അന്വേഷണം നടത്തിയത്. രോഗികളുടെ പരാതിയില്‍ ആരോപണം നേരിടുന്ന നഴ്‌സുമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന അന്വേഷണമാണ് പലപ്പോഴും നടക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

ചില പരാതികളില്‍ നഴ്‌സുമാര്‍ക്കെതിരായ അന്വേഷണം മൂന്ന് വര്‍ഷം വരെ നീളുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. രോഗികളുടെയും പൊതുജനങ്ങളുടെയും പരാതികള്‍ പരിഹരിക്കേണ്ടതിനു പകരം ആരോപണം നേരിടുന്ന നഴ്‌സുമാരെ സംരക്ഷിക്കുന്ന നിലപാട് അന്വേഷണങ്ങളുടെ വിശ്വാസ്യത തകര്‍ത്തതായും അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നഴ്‌സുമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനു മൂന്ന് വര്‍ഷം വരെ കാലതാമസം നേരിടുന്നു എന്നതാണ് പ്രധാന പരാതി.

2012 ലെ ഒരു കണക്ക് പ്രകാരം നഴ്‌സുമാര്‍ക്കെതിരായ 42 പരാതികളാണ് തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം 2009 ലെയും 16 എണ്ണം 2010 ലെയുമായിരുന്നു. എന്നാല്‍ ഇത്രയും കാലതാമസം നേരിടുന്നതിന്റെ കാരണം അധികൃതര്‍
വ്യക്തമാക്കുന്നില്ല. ഈ കാലതാമസം ഒഴിവാക്കപ്പെടേണ്ടതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും  മറ്റ് പരിഷ്‌ക്കരണ നടപടികളെക്കുറിച്ചും അന്വേഷിക്കാന്‍ പൊതുജനങ്ങളില്‍ നിന്നും
അധികൃതര്‍ അഭിപ്രായം തേടും.

Scroll To Top