Saturday December 10, 2016
Latest Updates

പന്ന്യന്റെ വീഴ്ച കരുണാകരന്റെ ശാപമോ ?

പന്ന്യന്റെ വീഴ്ച കരുണാകരന്റെ ശാപമോ ?

സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രണ്ടു മുഖമോ? ആണെന്നും അല്ലെന്നും കരുതുന്നവരുണ്ടാകാം. പന്ന്യന്‍ രവീന്ദ്രന്‍ രണ്ട് മുഖമുള്ള നടനാണെന്ന് അദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് തന്നെയാണ് ഇപ്പോള്‍ വിളിച്ചു പറഞ്ഞിരിക്കുന്നത്. അത് എന്തുതന്നെയെങ്കിലും ആകട്ടെ പന്ന്യന്‍ രവീന്ദ്രന്‍ എന്ന വ്യക്തിക്ക് പണ്ട് ഉണ്ടായിരുന്ന ഒരു ക്ലീന്‍ ഇമേജ് കുറച്ചെങ്കിലും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാല്‍ അതിനെ നിഷേധിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് അദേഹത്തിന് സംഭവിച്ചത്? ബെനറ്റ് എബ്രഹാം എന്ന വ്യക്തിക്ക് തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് 3 നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തതിനു പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയായിരിക്കുന്ന സി.പി.ഐയില്‍ പ്രതിസന്ധി രൂക്ഷമായത്. ബെനറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനു തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കള്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത്. 

കള്ളന്‍ കപ്പലില്‍ തന്നെയാണെന്നാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായ വെഞ്ഞാറമൂട് ശശി ആരോപിച്ചത്. ബെനറ്റ് ഏബ്രഹാമില്‍ നിന്ന് 1.87 കോടി രൂപ പാര്‍ട്ടി കൈപ്പറ്റിയെന്നും ശശി വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ ഇരട്ട മുഖമുള്ള നടനാണെന്നും ശശി വെച്ചുകാച്ചി.

പന്ന്യന്‍ രവീന്ദ്രന്‍ എന്ന നേതാവിന് ഇരട്ട മുഖമാണെന്ന് ശശി ഇപ്പോഴാണ് മനസിലാക്കിയതെങ്കില്‍ ജനം അത് നേരത്തെ മനസിലാക്കിയിരുന്നു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോഴായിരുന്നു അത്. അന്ന് ആദ്യമായി തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ച പന്ന്യന്‍ രവീന്ദ്രനെ വിജയിപ്പിക്കാന്‍ കെ. കരുണാകരന്‍ അകമഴിഞ്ഞ് സഹായിച്ച കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്ന് കരുണാകരന്റെ പിന്തുണ തേടി വട്ടം കറങ്ങി നടന്ന പന്ന്യനെ ഇന്നത്തെ നേതാക്കളാരും മറക്കുമെന്ന് തോന്നുന്നില്ല. ഫലമോ, ആ തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭുരിപക്ഷത്തിന് തിരുവനന്തപുരത്തുനിന്ന് വിജയിക്കുകയാണ് ഉണ്ടായത്. ആ വിജയം പന്ന്യന്‍ ആദ്യമായി ആഘോഷിച്ചത് കരുണാകരനോടൊപ്പം കരുണാകരന്റെ വസതിയില്‍ ലഡു വിതരണം ചെയ്തുകൊണ്ടായിരുന്നു

എന്നാല്‍ പിന്നീട് ഡി.ഐ.സിയെ എല്‍.ഡി.എഫില്‍ എടുക്കില്ലെന്ന ഉറച്ച നിലപാട് സി.പി.എം സ്വീകരിച്ചപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ കരുണാകരനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് പന്ന്യന്‍ രവീന്ദ്രന്‍. എന്തായാലും കരുണാകരന്റെ ശാപമാണോ അതോ പന്ന്യന്റെ തിരുവനന്തപുരത്തെ പ്രകടനത്തിന്റെ സവിശേഷതയാണോ എന്നറിയില്ല പിന്നീടൊരിക്കലും സി.പി.ഐയ്ക്ക് തിരുവനന്തപുരത്തുനിന്ന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പി.കെ.വാസുദേവന്‍ നായരെപ്പോലെയുള്ള മാന്യന്മാരായ സി.പി.ഐ നേതാക്കളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തിരുവനന്തപുരം മണ്ഡലത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് ഓര്‍ക്കണം. 

വെഞ്ഞാറമൂട് ശശി തന്റെ നേതാവിന്റെ മുഖം ഇപ്പോഴാണ് മനസിലാക്കിയതെങ്കില്‍ ജനം നേരത്തെ മനസിലാക്കിയെന്നുവേണം പറയാന്‍. ഒരു പഴഞ്ചൊല്ലുണ്ട്, പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന്. അതാണ് ഇപ്പോള്‍ പന്ന്യന്‍ രവീന്ദ്രനും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു വേണം അനുമാനിക്കാന്‍ 

 സോണി കെ.ജോസഫ്, കല്ലറയ്ക്കല്‍

Scroll To Top