Sunday December 04, 2016
Latest Updates

പത്രപ്രവര്‍ത്തകരെ വഴിയാധാരമാക്കി ഡബ്ലിന്‍ കമ്പനി

പത്രപ്രവര്‍ത്തകരെ വഴിയാധാരമാക്കി ഡബ്ലിന്‍ കമ്പനി

ഡബ്ലിന്‍: പത്രപ്രവര്‍ത്തനമേഖലയിലെ 50തോളംപേരെ തൊഴില്‍ രഹിതരാക്കി റിയല്‍ടൈം എഡിറ്റിംഗ് ആന്‍ഡ് ഡിസൈന്‍ (ആര്‍ഇ ആന്‍ഡ് ഡി) ഡബ്ലിന്‍ ഓഫീസ് അടച്ചിടുന്നു.
ഒട്ടനവധി നാഷണല്‍ ന്യൂസ്‌പേപ്പറുകള്‍ക്ക് വാര്‍ത്തകളും വിവരങ്ങളും എത്തിച്ചു കൊടുക്കുകയും കോപി എഡിറ്റിംഗും ലേഔട്ടും ഡിസൈനിംഗ് വര്‍ക്കുകളും നടത്തുകയും ചെയ്യുന്ന കമ്പനിയായ ആര്‍ഇ ആന്‍ഡ് ഡി ആണ് ഇപ്പോള്‍ തങ്ങളുടെ ഡബ്ലിന്‍ ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആര്‍ഇ ആന്‍ഡ് ഡിയുമായുള്ള കോണ്‍ട്രാക്ട് പുതുക്കാന്‍ സ്വതന്ത്ര മാധ്യമങ്ങള്‍ വിസമ്മതിച്ചതോടെയാണ് ഡബ്ലിനിലെ ഓഫീസ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ആര്‍ഇ ആന്‍ഡ് ഡിയിലെ ജോലിക്കാര്‍ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
സ്വതന്ത്ര മാധ്യമങ്ങള്‍ ഇനി മുതല്‍ തങ്ങളുടെ സേവനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നാണ് കമ്പനി അധികാരികള്‍ അറിയിക്കുന്നത്.
മറ്റു കമ്പനികളും മാധ്യമങ്ങളും സ്വന്തം സ്ഥാപനത്തില്‍ തന്നെ സബ് എഡിറ്റിംഗ് ലേ ഔട്ട് സംവിധാനങ്ങള്‍ ഒരുക്കിയതോടെ ഇത്തരത്തില്‍ സര്‍വ്വീസുകള്‍ നടത്തുന്ന കമ്പനികള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാവുകയായിരുന്നു.
150തോളം ജോലിക്കാരാണ് ആര്‍ഇ ആന്‍ഡ് ഡിയിലെ ഡബ്ലിനിലെയും ബെല്‍ഫാസ്റ്റിലെയും ഓഫീസുകളിലായി ജോലി ചെയ്തിരുന്നത്. ഡബ്ലിനിലെ ഓഫീസാണ് ഇപ്പോള്‍ അടച്ചിടാന്‍ പോകുന്നതെങ്കിലും ബെല്‍ഫാസ്റ്റിലെ ഓഫീസിനെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പത്ര പ്രവര്‍ത്തന മേഖലയില്‍ ഇത്രയധികം പേര്‍ക്ക് ഒരേ സമയം തൊഴില്‍ നഷ്ടമായത് വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നാഷണല്‍ യൂനിയന്‍ ഓഫ് ജേര്‍ണലിസ്റ്റിന്റെ ഇയാന്‍ മക്ഗിന്നസ് പറഞ്ഞു.
ഇത് സ്വതന്ത്ര വാര്‍ത്താ മാധ്യമരംഗത്തെ ജോലിക്കാരെയും ബാധിച്ചേക്കാമെന്ന പേടിയും മക്ഗിന്നസ് എടുത്തുകാട്ടിയിട്ടുണ്ട്.

Scroll To Top