Saturday December 03, 2016
Latest Updates

പതിച്ച തീഗോളങ്ങള്‍ ഉല്‍ക്ക തന്നെ,പരിഭ്രാന്തി മാറുന്നു 

പതിച്ച തീഗോളങ്ങള്‍ ഉല്‍ക്ക തന്നെ,പരിഭ്രാന്തി മാറുന്നു 

കൊച്ചി:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയുണ്ടായത് ഉല്‍ക്കാ പതണമെന്ന് പ്രാഥമിക നിഗമനം 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അഗ്‌നിഗോളം കണ്ടത്. കോഴിക്കോട് ജില്ലയിലെ കിണാശ്ശേരി, കൊളത്തറ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങള്‍, പത്തനംതിട്ടജില്ലയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് തീഗോളം കണ്ടത്. ഉല്‍ക്ക മുവാറ്റുപുഴക്കടുത്ത് വലമ്പൂരില്‍ പതിച്ചതായും രാത്രി വൈകിയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടതായാണ് പലരും പറഞ്ഞത്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയത്. ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെട്ടതായും അവരെ വലമ്പൂരിലേക്ക് അയച്ചതായും മന്ത്രി പറഞ്ഞു. 

ചൈനയില്‍ നിന്നുള്ള ഉല്‍ക്കാ വിക്ഷേപമെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് ശാസ്ത്ര കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു. ഉല്‍ക്ക പതിച്ചെന്നു കരുതപ്പെടുന്ന വലമ്പൂരിലും പരിസരങ്ങളിലും രാത്രിയില്‍ കനത്ത മഴയും പെയ്തു. എറണാകുളം ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ മുന്നറിയിപ്പും നല്‍കി.

തീഗോളം കണ്ടതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പലരും വീടിന് പുറത്തിറങ്ങി. ഭൂചലനം പോലെ വലിയ ശബ്ദം കേട്ടതായും പലരും പറഞ്ഞു. കിണാശ്ശേരി സ്വദേശി പതിനെട്ടുകാരനായ അഷ്ഫാഖ് റഹ്മാന്‍ പറഞ്ഞത് ആകാശത്തൂടെ വലിയ തീഗോളം പോവുന്നതായി കണ്ടെന്നാണ്. കൊളത്തൂരിലെ ചിലരും ഇതേ കാഴ്ച്ച കണ്ടതായി പറഞ്ഞു. ഉല്‍ക്കാപതനമാണിതെന്നും ആശങ്ക വേണ്ടെന്നും ദുരന്ത നിവാരണ സേന ആവര്‍ത്തിച്ചു വ്യക്തമാക്കിയ ശേഷമാണ് പുലര്‍ച്ചെ വരെ നീണ്ട ആശങ്ക ഒഴിഞ്ഞത്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കാണപ്പെട്ട അഗ്‌നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ സ്പര്‍ശിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Scroll To Top