Saturday December 10, 2016
Latest Updates

പട്ടിണിക്കാര്‍ പെരുകുന്നു :ഭക്ഷണമെത്തിക്കാന്‍ ജനങ്ങള്‍ സഹായിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്

പട്ടിണിക്കാര്‍ പെരുകുന്നു :ഭക്ഷണമെത്തിക്കാന്‍ ജനങ്ങള്‍ സഹായിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ വിശപ്പ് മൂലം യാതന അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട് .ക്രോസ് കെയര്‍ എന്ന ഡബ്ലിനിലെ സാമൂഹ്യ സേവന സംഘടന ഇതാദ്യമായി പൊതുജനങ്ങളോട് ഭക്ഷണത്തിനുള്ള സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് .. തങ്ങള്‍ക്കുചുറ്റും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും എത്തിച്ചുകൊടുക്കുവാനാണ് ഡബ്ലിനിലെ ആര്‍ച്ച് ബിഷപ്പ് ഡേര്‍മറ്റ് മാര്‍ട്ടിന്‍ ക്രോസ്‌കെയര്‍ ഫുഡ് അപ്പീല്‍ സ്ഥാപിച്ചത്.

പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഡബ്ലിനില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹിതനായ സമയത്താണ് ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങിയത്. പാവപ്പെട്ട കുടുംബങ്ങളില്‍ ആഹാരം എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ക്രിസ്തുമസ് പെരുന്നാളിനു മുന്‍പുള്ള നാല് ആഴ്ച്ചകളില്‍ ആവശ്യക്കാര്‍ കൂടുകയാണ് ചെയ്യുന്നത്. അവരുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഇടവകകളോട് സഹായമഭ്യര്‍ത്ഥിക്കുകയാണ് ആര്‍ച്ച്ബിഷപ്പ്.

ഒരു കാലത്ത് സമൃദ്ധിയുടെയും ആഡംബരത്തിന്റെയും വിളനിലമായിരുന്ന അയര്‍ലണ്ടില്‍ നിന്നുള്ള ഇപ്പോഴത്തെ വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ് .ദാരിദ്ര്യത്തില്‍ അകപ്പെടുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളില്‍ നിന്ന് തങ്ങള്‍ക്ക് ആത്മഹത്യാ കുറിപ്പുകള്‍ ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡബ്ലിനിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയും ഈയിടെ രംഗത്ത് വന്നിരുന്നു

ഈയിടെയായി വര്‍ദ്ധിച്ച ആവശ്യക്കാര്‍ ക്രോസ്‌കെയര്‍ ഫുഡ് ബാങ്കിനെയും അല്‍പം വലച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 120ഓളം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആഹാരം നല്‍കണമെന്ന അപേക്ഷയാണ് ഫുഡ് ബാങ്കിന് ലഭിച്ചത്. എന്നാല്‍ ഇവരുടെ പക്കല്‍ ആകെ 40പേര്‍ക്കുവേണ്ടുന്ന ഭക്ഷണമാണുണ്ടായിരുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ ക്രോസ്‌കെയറിന് 750 ടണോളം ആഹാരം ഈ വര്‍ഷാവസാനത്തോടെ ആളുകള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. 2012ല്‍ ഇവര്‍ നല്‍കിയത് 500ടണ്‍ ഭക്ഷണമായിരുന്നു.
ആളുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രോസ്‌കെയറിന് സഹായങ്ങള്‍ ആവശ്യമാണെന്നാണ് ആര്‍ച്ച് ബിഷപ്പ് ഡേര്‍ മിറ്റ് മാര്‍ട്ടിന്‍ പറയുന്നത്.
നമുക്ക് ചുറ്റുമുള്ള പാവപ്പെട്ടവരുടെ കഷ്ടതകള്‍ കാണുമ്പോള്‍ ആര്‍ക്കും സമാധാനിക്കാന്‍ സാധിക്കില്ലെന്നും ദാരിദ്ര്യാവസ്ഥയില്‍ നിന്നും കരകയറാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും അവരെ സഹായിക്കുക മറ്റുള്ളവരുടെ കടമയാണെന്നും ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനിലുള്ള എല്ലാ ഇടവക അധികാരികളോടും ഇത്തരം പാവങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനുള്ള സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആര്‍ച്ച്ബിഷപ്പ്. എല്ലാ ഇടവകക്കാര്‍ക്കും അവരവര്‍ക്കാവുന്ന വിധത്തില്‍ സാധനങ്ങള്‍ വാരാന്ത്യത്തില്‍ നടത്തുന്ന മാസ്സില്‍ പങ്കെടുക്കാനെത്തുമ്പോള്‍ എത്തിക്കാമെന്നും അവ ക്രോസ്‌കെയര്‍ എല്ലാ തിങ്കളാഴ്ച്ചകളിലും ചൊവ്വാഴ്ച്ചകളിലും ശേഖരിക്കുമെന്നും ആര്‍ച്ച്ബിഷപ്പ് അറിയിച്ചു.

Scroll To Top