Thursday December 08, 2016
Latest Updates

പട്ടാപകല്‍ ഡബ്ലിന്‍ നഗരത്തിലെ ബാങ്ക് കൊള്ളയടിച്ചു ;കൊള്ളക്കാരെ തേടി ഗാര്‍ഡ അലയുന്നു

പട്ടാപകല്‍ ഡബ്ലിന്‍ നഗരത്തിലെ ബാങ്ക് കൊള്ളയടിച്ചു ;കൊള്ളക്കാരെ തേടി ഗാര്‍ഡ അലയുന്നു

ഡബ്ലിന്‍: തലസ്ഥാന നഗരി കളവിനും കള്ളക്കടത്തിനും വിളനിലമാവുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഇത്തരത്തില്‍ മോഷണ സംഘം കൊള്ളയടിക്കാനായി എത്തിച്ചേര്‍ന്നത് ഡബ്ലിന്‍ നഗര ഹൃദയമായ ബാഗട്ട് സ്ട്രീറ്റ് അപ്പറിലുള്ള പെര്‍മനന്റ് ടിഎസ്ബി ബ്രാഞ്ചിലായിരുന്നു.

ആയുധധാരികളായ അക്രമികള്‍ ബാങ്ക് കൊള്ളയടിച്ചുപോയത് നോക്കി നില്‍ക്കാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്കും സാധിച്ചുള്ളൂ. ദൃക്‌സാക്ഷികളായവരെ അന്വേഷിക്കുകയാണ് ഇപ്പോള്‍ ഐറിഷ് ടൗണിലുള്ള ഗാര്‍ഡ.

പകല്‍ 12.45നാണ് രണ്ടുപേര്‍ ബാങ്കിലേക്ക് പ്രവേശിച്ചത്. കൈത്തോക്കുപോലുള്ള ഒരു ആയുധവുമായാണ് അതില്‍ ഒരാള്‍ എത്തിയത്. രണ്ടാമന്റെ കൈയ്യില്‍ കമ്പിപ്പാര പോലുള്ള ഒരു ഉപകരണവും ഉണ്ടായിരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. ആയുധങ്ങള്‍ കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനു ശേഷം കിട്ടിയ പണവുമായി അക്രമികള്‍ സ്ഥലം വിടുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ ഗാര്‍ഡയെ അറിയിച്ചു.
എന്നാല്‍, കൊള്ള നടക്കുന്നതിനിടെ ആര്‍ക്കും മുറിവേല്‍പ്പിക്കപ്പെട്ടിട്ടില്ല. കൊള്ളനടത്തിയതിനു ശേഷം കള്ളന്‍മാര്‍ പുറത്തിറങ്ങി തിരക്കേറിയ നിരത്തില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയില്‍ മറയുകയായിരുന്നു.

ജംഗ്ഷന്‍ കടക്കുന്നതിനു മുന്‍പ് തന്നെ കള്ളന്‍മാര്‍ രണ്ടുപേരും ഹഡ്ഡിംഗ്ടണ്‍ റോഡിലേക്ക് മാറിപ്പോയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടെ വച്ച് ഏതെങ്കിലും വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായിരിക്കണമെന്നാണ് ഇപ്പോള്‍ ഗാര്‍ഡയുടെ നിഗമനം.

കള്ളന്‍മാരില്‍ ആദ്യത്തെ ആള്‍ക്ക് 5’11 ഉയരവും ബലിഷ്ഠമായ ശരീരവും ആയിരുന്നുവെന്നാണ് ബാങ്ക് ജോലിക്കാര്‍ അറിയിച്ചത്. വളരെ നേര്‍ത്ത ഒരു വസ്ത്രമായിരുന്നു അയാള്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ താഴെ കടും നിറത്തിലുള്ള വസ്ത്രമായിരുന്നു. ഒരു ഇരുണ്ട വൂളന്‍ തൊപ്പിയും മുഖം മൂടിയും ഇയാള്‍ ധരിച്ചിരുന്നുവെനനും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇയാളുടെ കൈയ്യിലാണ് കമ്പിപ്പാര ഉണ്ടായിരുന്നത്.

കൈത്തോക്ക് പിടിച്ച ആള്‍ക്ക് 5’8 ഉയരമുണ്ടെന്നും കറുത്ത ജാക്കറ്റ് ധരിച്ചിരുന്നുവെന്നും വൂളന്‍ തൊപ്പിയും കറുത്ത സ്‌കാര്‍ഫും ഉപയോഗിച്ച് മുഖം മറച്ചിരിക്കുകയായിരുന്നവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

ആ സമയത്ത് പരിസര പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവരോ കള്ളന്‍മാരെ നേരിട്ടു കണ്ടവരോ ഉണ്ടെങ്കില്‍ ഐറിഷ് ടൗണ്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ 01 666 9632 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കാനാണ് ഗാര്‍ഡ ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll To Top