Sunday December 04, 2016
Latest Updates

പക്ഷിപ്പനി പടരുന്നു; ക്രിസ്തുമസിന് ടര്‍ക്കി വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരും? 

പക്ഷിപ്പനി പടരുന്നു; ക്രിസ്തുമസിന് ടര്‍ക്കി വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരും? 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൌള്‍ട്രി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ടര്‍ക്കി വളര്‍ത്തുന്ന കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബ്രിട്ടനില്‍ പക്ഷിപ്പനി റിപ്പോറ്ട്ട് ചെയ്യപ്പെട്ടതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയത്. പക്ഷിപ്പനി അയര്‍ലണ്ടിലേക്കും പടര്‍ന്നേക്കും എന്നാണു ആശങ്ക. ക്രിസ്തുമസ് അടുത്തിരിക്കെ ടര്‍ക്കി കോഴികള്‍ക്ക് പക്ഷിപ്പനി പടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. ക്രിസ്തുമസ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ടര്‍ക്കി മാംസം ഒഴിവാക്കേണ്ടിയും വരും. ഇതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. 

ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന പക്ഷിപ്പനി ക്രിസ്തുമസിന് മുമ്പ് അയര്‍ലണ്ടിലേക്കും പടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യോര്‍ക്ക്‌ഷെയറിലെ ഒരു ഫാമിലെ ചില താറാവുകളിലാണ് ആദ്യം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ ഈ ഫാമിലെ 6000 താറാവുകളെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. 

നെതര്‍ലന്‍ഡ്‌സില്‍ നിന്നും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ ഒരു ഫാമില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് 150,000 താരാവുകളെയും കോഴികളെയും കൊല്ലാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിലേക്ക് കൂടി രോഗം പടര്‍ന്നാല്‍ എന്ത് ചെയ്യുമെന്നറിയാതെ കര്‍ഷകര്‍ ആശങ്കയിലാണ്. അയര്‍ലണ്ടിലേക്ക് രോഗം പടര്‍ന്നാല്‍ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പോലും നടത്തിയിട്ടില്ലെന്ന് ഒഫാലിയില്‍ ഫാം നടത്തുന്ന ജെറാര്‍ഡ് ലലോര്‍ പറഞ്ഞു. അതുകൊണ്ട് രോഗം വരരുതേയെന്ന പ്രാര്‍ത്ഥനയിലാണ് കര്‍ഷകര്‍. 

അതേസമയം അയര്‍ലണ്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് കൃഷി മന്ത്രി സൈമണ്‍ കൊവ്‌നെ പറഞ്ഞു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗബാധ തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഫാമുകളിലെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കി സൂക്ഷിക്കുകയും ഫാമില്‍ വൃത്തിയുള്ള അന്തരീക്ഷം പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുല്ലെന്നു യുകെയിലെ ആരോഗ്യ വിദഗ്ദരും വ്യക്തമാക്കി. 

Scroll To Top