Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനം:നിയമം മാറ്റാന്‍ ഉപദേശിച്ച് ആംനന്‍സ്റ്റി ഇന്റര്‍നാഷണല്‍

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനം:നിയമം മാറ്റാന്‍ ഉപദേശിച്ച് ആംനന്‍സ്റ്റി ഇന്റര്‍നാഷണല്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നിലവിലുള്ള അബോര്‍ഷന്‍ നിയമങ്ങള്‍ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ആംനന്‍സ്റ്റി ഇന്റര്‍നാഷണല്‍.1971 മുതല്‍ അയര്‍ലണ്ടില്‍ നിന്നും 177,000 സ്ത്രീകളും പെണ്‍കുട്ടികളും അബോര്‍ഷനു വേണ്ടി ഇംഗ്ലണ്ടിലേക്കും, വെയില്‍സിലേക്കുമായി യാത്ര ചെയ്തതായി ആംനന്‍സ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങളെ കുറിച്ചുള്ള ‘ഷി ഈസ് നോട്ട് എ ക്രിമിനല്‍’ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.
ഗര്‍ഭച്ഛിദ്ര നിയമങ്ങളിലെ കാഠിന്യം മൂലം ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ നിരവധി സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടിന്റെ പ്രകാശന വേളയില്‍ സംസാരിക്കവെ മനുഷ്യാവകാശ പ്രവര്‍ത്തക ക്രിസ്റ്റീന സാമ്പസ് പറഞ്ഞു. റിപ്പോര്‍ട്ടിനായി തങ്ങള്‍ സമീപിച്ചവരില്‍ പലരും ആത്മഹത്യയാണ് പരിഹാരമായി കാണുന്നതെന്ന് പറഞ്ഞിരുന്നതായും സാമ്പസ് പറയുന്നു.
ഏറെ വിവാദമായ സവിത ഹലപ്പനവാര്‍ എന്ന യുവതിയുടെ മരണ ശേഷവും കാര്യങ്ങള്‍ ഒട്ടും പുരോഗമിച്ചില്ലെന്ന് ഹോള്‍സ് സ്ട്രീറ്റ് മറ്റേര്‍നിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ റോണ മഹോണി പറയുന്നു. ഡോക്ടര്‍മാര്‍ തീരുമാനമെടുക്കുന്നതിന് രോഗി മരണാസന്നയാവുന്നതു വരെ കാത്തിരിക്കണമെന്ന വാദം ന്യായീകരിക്കാവുന്നതല്ലെന്നും അവര്‍ പറഞ്ഞു. ആവശ്യമായ നിയമഭേദഗതി വന്നില്ലെങ്കില്‍ ഇനിയും സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനായി ബ്രിട്ടണിലേക്ക് സഞ്ചരിക്കുകയോ, അല്ലെങ്കില്‍ അനധികൃതമായ ഗുളികകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയുപയോഗിക്കുകയോ മറ്റും ചെയ്യുന്നത് തുടരുമെന്നും ഡോ മഹോണി മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോഴും ഗര്‍ഭ ച്ഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ ചെയ്യേണ്ടി വരുന്ന ഏക വികസിത രാജ്യം അയര്‍ലണ്ടാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ അയര്‍ലണ്ടിനു മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നു വരേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രതികരിച്ചു.



Scroll To Top