Friday December 02, 2016
Latest Updates

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചുവരെഴുത്താക്രമണം

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചുവരെഴുത്താക്രമണം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വംശീയ അധിക്ഷേപങ്ങള്‍ വീണ്ടും തല ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ വംശീയവാദികള്‍ ഇമിഗ്രന്റ് കൗണ്‍സിലില്‍ കെട്ടിടത്തിന്റെ എതിര്‍ വശത്തായാണ് ചുവരെഴുത്തുകളിലൂടെ തങ്ങളുടെ ആക്രമണം ആരംഭിച്ചത്.
ഡബ്ലിന്‍ സിറ്റി സെന്ററിലും ചുവരെഴുത്ത് ആക്രമണം പലയിടത്തുമുണ്ട്. ’30 വര്‍ഷത്തിനുള്ളില്‍ ഐറിഷുകാര്‍ ആയിരിക്കും അയര്‍ലണ്ടിലെ ന്യൂനപക്ഷ വിഭാഗം’ എന്ന രീതിയില്‍ വരുന്ന വാക്കുകളാണ് ചുവരുകളില്‍ എഴുതിയിരിക്കുന്നത്.

കോളേജ് ഗ്രീനിലുള്ള ബാങ്ക് ഓഫ് അയര്‍ലണ്ട് ഓഫീസിനു പുറത്തും ഇത്തരത്തില്‍ വ്യത്യ്സ്ഥമായ ഒരു ചുവരെഴുത്ത് കൂടി ഉണ്ടായിരുന്നു.
ഇത്തരത്തില്‍ പെയ്ന്റിംഗ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളും പരാതികളും വന്ന ഉടന്‍ തന്നെ അത് നീക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നുവെന്നും ഏതാണ്ട് ഒരുമണിക്കൂര്‍ സമയത്തിനുള്ളില്‍ തന്നെ അവ നീക്കം ചെയ്തിരുന്നവെന്നും കൗണ്‍സിലിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ജെറി ഒ’കോണര്‍ മാധ്യമങ്ങളെ അറിയിച്ചു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ചുവരെഴുത്തുകള്‍ എന്നാണ് ജെറി ഒ’കോണര്‍ പറയുന്നത്. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം കഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലായി വംശീയ ആക്രമണങ്ങള്‍ക്കുപയോഗിക്കുന്നത് ഇത്തരം ചുവരെഴുത്തുകള്‍ തന്നെയാണ്.
.
കൗണ്‍സില്‍ ഓഫീസായിരുന്നു അക്രമി കൂടുതല്‍ ലക്ഷ്യമിട്ടത് എന്നതല്ലാതെ മറ്റൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഇത്തരം വെറുപ്പുളവാക്കുന്ന മെസ്സേജുകള്‍ പോസ്റ്ററുകള്‍ വഴി പ്രസിദ്ധപ്പെടുത്തുന്നത് വഴി വംശീയമായ അക്രമം തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും ജെറി ഒ’കോണര്‍ അറിയിച്ചു. എന്നാല്‍ ഇത് മുഴുവന്‍ ഐറിഷുകാരെയും പ്രതിനിധീകരിക്കുന്ന മനോനില അല്ലെന്നും ഒ’കോണര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാഫിറ്റിയെക്കുറിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതും ഒരു ഐറിഷുകാരനാണ്. ഈ പ്രദേശങ്ങളിലുള്ള ഐറിഷുകാരില്‍ ഭൂരിഭാഗം പേരും ഗ്രാഫിറ്റിയുടെ വിവരങ്ങള്‍ അറിഞ്ഞ് വളരെ ആശങ്കയിലായിരുന്നുവെന്നും ജെറി ഒ’കോണര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 68 ശതമാനത്തോളവും വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും തന്നെ കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഒ’കോണര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top