Sunday December 11, 2016
Latest Updates

നെയ്മറെ കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി ബ്രസീലിന് ….

നെയ്മറെ കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി ബ്രസീലിന് ….

തിരുവനന്തപുരം: സ്ഥിരീകരിക്കാത്ത വാര്‍ത്തയുടെ പുറകെ പോയി ഇന്നലെ ഒരിക്കല്‍ കൂടി മലയാള മാധ്യമങ്ങള്‍ ഇളിഭ്യരായി. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നട്ടെല്ലിനു പരുക്കേറ്റ നെയ്മര്‍ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് എന്നായിരുന്നു വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി കേരള മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്ത് ചര്‍ച്ചയും ആരംഭിച്ചു. എന്നാല്‍ ബ്രസീല്‍ അധികൃതരോ നെയ്മറോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.കേരളമെന്ന് നെയ്മര്‍ കേട്ടിട്ടുണ്ടോ എന്ന് പോലും സംശയിക്കണം 

കേരള ഫുട്‌ബോള്‍ ഫെഡറേഷന്റെയും സംസ്ഥാനത്തെ ബ്രസീല്‍ ആരാധകരുടെയും അഭ്യര്‍ത്ഥന മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ അങ്ങോട്ട് ചികിത്സ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതാണ് നെയ്മര്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സ തേടി വരുന്നു എന്ന രീതിയില്‍ വലിയ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിച്ചത്. നെയ്മര്‍ക്ക് ചികിത്സ തേടി ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു എന്നുവരെ ചില മാധ്യമങ്ങള്‍ തട്ടിവിട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.

ബ്രസീല്‍ താരം നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ നല്‍കുമെന്ന വാര്‍ത്ത കൈരളി ചാനലാണ് ആദ്യം പുറത്തുവിട്ടത്. ഇതോടെ എല്ലാ ചാനലുകളും വലിയ പ്രാധാന്യത്തോടെ നല്‍കി. എന്നാല്‍ സത്യത്തില്‍ തിരുവനന്തപുരത്തെ ഏതോ ബ്രസീല്‍ ഫാന്‍സ് ക്ലബ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചുമ്മാ അയച്ച കത്താണ് കേരളത്തിലെ ചാനലുകാര്‍ വാര്‍ത്തയാക്കിയത്. നെയ്മറെ കേരളത്തിലേക്ക് ചികിത്സയ്ക്ക് കൊണ്ടുവരണമെന്നാണ് ഫാന്‍സുകാര്‍ ആവശ്യപ്പെട്ടത്.

ഇറാഖില്‍ നിന്നും മലയാളി നേഴ്‌സുമാരെ കൊണ്ടുവരാനായി ‘ശിക്കാരി ശംഭു’വേഷം കെട്ടിയവരെ ഒന്ന് കൂടി വേഷം കെട്ടിയ്ക്കാനുള്ള ആരുടെയോ ശ്രമമാണ് കേരളീയരെ ഒരിക്കല്‍ കൂടി ആശയക്കുഴപ്പത്തിലാക്കിയത്.വാര്‍ത്ത അറിഞ്ഞവരില്‍ കൂടുതല്‍ പേരും അത് വിശ്വസിച്ചു എന്നതാണ് സത്യം ! 

കേരള ഫുട്ബാള്‍ അസോസിയേഷനാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. വാസ്തവം ഇങ്ങനെ ആണെന്നിരിക്കെ നെയ്മര്‍ക്ക് കേരളത്തില്‍ ലഭിക്കാന്‍ പോകുന്ന ചികിത്സകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് പോലും ചില മാധ്യമങ്ങള്‍ ഊഹിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കോട്ടയ്ക്കല്‍ വേണോ ,തിരുവനന്തപുരത്തു വേണോ അതോ കേരളത്തിന്റെ ചിലവില്‍ നെയ്മറെ കോയമ്പത്തൂരില്‍ കൊണ്ട് പോകണമോ എന്ന് വരെയായി ചര്‍ച്ചകള്‍.കേരളത്തില്‍ നിന്നും ഒരു സംഘം ബ്രസീലിലേയ്ക്ക് പോയി നെയ്മറെ കൂട്ടുമെന്നായിരുന്നു മറ്റൊരു മാധ്യമ വീരന്റെ കണ്ടു പിടുത്തം!

Scroll To Top