Friday December 09, 2016
Latest Updates

നൂറ് ശതമാനം വിജയത്തിനായി സ്‌കൂള്‍ മാനേജ്‌മെന്റ് തോല്‍പ്പിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

നൂറ് ശതമാനം വിജയത്തിനായി സ്‌കൂള്‍ മാനേജ്‌മെന്റ് തോല്‍പ്പിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം: പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം ഉറപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ 9 ല്‍ പരാജയപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഊര്‍ങ്ങാട്ടിരി വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന്‍അസ്മാബി ദമ്പതികളുടെ മകള്‍ നിസ്ലയാണ് (16) ആത്മഹത്യചെയ്തത്.  ഇത് രണ്ടാം തവണയാണ് നിസ്ലയെ ഒന്‍പതാം ക്ലാസില്‍ തോല്‍പ്പിക്കുന്നത്.  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് നിസ്ല. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്.

പച്ച കോട്ട് ധരിക്കാന്‍ വിസമ്മതിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി രണ്ടു വര്‍ഷം മുമ്പ് വിവാദത്തിലായ സ്‌കൂളാണിത്. നിസ്ല ഉള്‍പ്പെടെ എണ്‍പതോളം വിദ്യാര്‍ത്ഥിനികളെ ഒന്‍പതാം ക്ലാസില്‍ പരാജയപ്പെടുത്തിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് നേരിട്ട ഇടപെട്ടാണ് വിദ്യാര്‍ത്ഥിനികളെ പരാജയപ്പെടുത്തിയത് എന്നാണു ആരോപണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സ്‌കൂളില്‍ കൂട്ടത്തോല്‍വി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നൂറു ശതമാനം വിജയത്തിനായി പരാജയപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളിലേക്ക് ടിസി വാങ്ങിപ്പോകുകയാണ് പതിവ്.

ആത്മഹത്യ ചെയ്ത നിസ്ല എട്ടാം ക്ലാസിലാണ് ഈ സ്‌കൂളില്‍ ചേര്‍ന്നത്. വീണ്ടും പരാജയപ്പെട്ടതില്‍ ദുഖിതയായ നിസ്ല വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൂലിപ്പണിക്ക് പോയ ഉമ്മ ഉച്ചയ്ക്ക് വന്നപ്പോള്‍ നിസ്ലയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനുശേഷം വടക്കുംമുറി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഇന്ന് കബറടക്കും.

Scroll To Top