Monday December 05, 2016
Latest Updates

നിസാമിനെതിരെ കാപ്പാ നിയമം ചുമത്താനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

നിസാമിനെതിരെ കാപ്പാ നിയമം ചുമത്താനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

തൃശൂര്‍: ശോഭാസിറ്റിയിലെ കാവല്‍ക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പാ നിയമം ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. പൊലീസ് റിപ്പോര്‍ട്ട് നല്‍കി നാല് ദിവസമായിട്ടും തൃശൂര്‍ കലക്ടര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ സര്‍ക്കാര്‍ തീരുമാനവും നീളുകയാണ്.

ഗുണ്ടകള്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് കാപ്പാ നിയമം. 13 കേസുകളില്‍ പ്രതിയെന്ന് കാണിച്ച് പൊലീസ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കി. തൃശൂര്‍ കമ്മിഷ്ണര്‍ നിശാന്തിനി തിങ്കളാഴ്ച വൈകിട്ടാണ് കലക്ടര്‍ എം.എസ്. ജയക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്ന കലക്ടറുടെ ആദ്യപ്രതികരണം. എന്നാല്‍ അഞ്ചാം പകലെത്തിയിട്ടും തീരുമാനമായിട്ടില്ല. നിയമോപദേശം തേടിയ ശേഷം കാപ്പാ ചുമത്തണോ വേണ്ടയോ എന്ന് അടുത്ത ആഴ്ചയോട് കൂടി തീരുമാനിക്കൂമെന്നാണ് കലക്ടറുടെ നിലപാട്.

അതിനിടെ നിസാമിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജില്ലാ കലക്ടര്‍ സ്വീകരിക്കുന്നത് എന്ന ആരോപണവുമായി തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിദ്യാ സംഗീത് രംഗത്തെത്തി. മുന്‍പ് ശോഭാസിറ്റി ഉള്‍പ്പെടെയുള്ള വന്‍വ്യവസായികള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തിട്ടുള്ള ചരിത്രമുള്ള വ്യക്തിയാണ് കലക്ടെറെന്നും അവര്‍ നിസാമിനെ സംരക്ഷിക്കാനുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദ്യ കഴിഞ്ഞ ദിവസം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇന്നാണ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കാപ്പ ചുമത്തിയാല്‍ നിസാമിന് ജാമ്യം ലഭിക്കില്ല. അതുകൊണ്ട് ജാമ്യം ലഭിക്കുന്നതിനായി കലക്ടര്‍ മനപ്പൂര്‍വം കാപ്പാ ചുമത്തുന്നത് നീട്ടി വെയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. നേരത്തെ കാപ്പാ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥന്‍ കാലതാമസം വരുത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ നിലപാടും.

ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാത്തത്. ഇതുമൂലം നിസാമിന്റെ ബന്ധു സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്ന തൃശൂരിലെ പബ്‌ളിക് പ്രോസിക്യൂട്ടറാണ് ഇപ്പോളും കേസ് കൈകാര്യം ചെയ്യുന്നത്. വ്യവസായ പ്രമുഖനായ നിസാമിനെ നിയമ കുരുക്കില്‍നിന്ന് രക്ഷിക്കുന്നതിനായി സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്ന ആരോപണത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍.

Scroll To Top