Sunday December 11, 2016
Latest Updates

(നിര്‍)ഭാഗ്യവാന്‍ കോഴി ,വില രണ്ട് ലക്ഷം !

(നിര്‍)ഭാഗ്യവാന്‍ കോഴി ,വില രണ്ട് ലക്ഷം !

കട്ടപ്പന: കാളപ്പോരിന് പേരുകേട്ട തമിഴകത്ത് കോഴിപ്പോരും ഹരമാകുന്നു. സ്‌പെയിന്‍ കഴിഞ്ഞാല്‍ കാളപ്പോരിന് പ്രസിദ്ധിനേടിയ ഇവിടെ കോഴിപ്പോരിന് പ്രചാരം വര്‍ദ്ധിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. തമിഴ് പുതുവത്സരപ്പിറവിയുടെയും പൊങ്കല്‍ ദിനാഘോഷത്തിന്റെയും ഭാഗമായാണ് കാളപ്പോര് അരങ്ങേറുന്നതെങ്കില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പിയായ പെന്നിക്വിക്കിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കോഴിപ്പോര് സംഘടിപ്പിക്കുക. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ ജലത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ താമസിക്കുന്ന തേനിയില്‍ നടന്ന കോഴിപ്പോരില്‍ 400ലേറെ ‘ശണ്ടെയ് കോളി'(പോരുകോഴി)കളാണ് പങ്കെടുത്തത്.

പ്രത്യേക പരിചരണവും പരിശീലനവും നല്‍കി വളര്‍ത്തി മത്സരകളത്തിലിറക്കുന്ന ഈ കോഴികള്‍ക്ക് രണ്ടുലക്ഷം രൂപവരെ വിലയുണ്ട്.

മധുര, തേനി, ദിണ്ടുക്കല്‍, തിരുച്ചി, തഞ്ചാവൂര്‍ എന്നീ ജില്ലകളിലാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രം അരങ്ങേറുന്ന പോരിനായി കോഴിപ്പോരാളികളെ വളര്‍ത്തിവരുന്നത്.

ചെവല, വളവി, പട്ട, സാംബ എന്നീ ഇനങ്ങളില്‍പെട്ട ആറുമാസം പ്രായമുള്ള കോഴികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുന്നത്. കളത്തിലിറക്കുന്ന കോഴികള്‍ പരസ്പരം പോരടിച്ചു തളര്‍ന്നുവീഴുമ്പോള്‍ വീര്യംചോരാതെ തലയുയര്‍ത്തിനില്‍ക്കുന്ന കോഴിയാണ് മത്സരവിജയി.കോഴികളുടെ എണ്ണത്തിനനുസരിച്ചാണ് മത്സരസ്ഥലത്ത് കളങ്ങളൊരുക്കുന്നത്. മത്സരത്തിനെത്തിക്കുന്ന കോഴികളുടെ ഉടമസ്ഥര്‍ക്ക് വ്യക്തികളും വിവിധ സംഘടനകളും സമ്മാനം വാഗ്ദാനംചെയ്യുമ്പോള്‍ വാതുവയ്പുകാരും തടിച്ചുകൂടും.

ബദാം, മുന്തിരി, മുട്ടയുടെ വെള്ള, ഈന്തപ്പഴം, ഗ്ലൂക്കോസ് തുടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരം നല്‍കിയാണ് ആറുമാസത്തെ പരിശീലനകാലത്ത് പോരുകോഴികളെ വളര്‍ത്തുന്നത്.
ഇക്കുറി തേനിയിലെ കോഴിപ്പോര് മത്സരത്തില്‍ സമീപജില്ലകളില്‍നിന്നു മാത്രമല്ല കര്‍ണാടകത്തില്‍നിന്നുള്ള കോഴിവീരാളികളും പങ്കെടുത്തു.കാളപ്പോര്, കോഴിപ്പോര്, മൃഗബലി എന്നിവയൊക്കെ നിരോധിച്ച രാജ്യത്ത് കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് ഏതാനും വര്‍ഷങ്ങളായി ഇവയൊക്കെ അരങ്ങേറുന്നത്.

Scroll To Top