Saturday December 10, 2016
Latest Updates

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ നിലപാട് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ നിലപാട് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ നിലപാട് ഉപേക്ഷിക്കാന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി.എം. സുധീരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കിയതായി റിപ്പോര്‍ട്ട്.

ഇതോടെ, കോണ്‍ഗ്രസ് പാര്‍ട്ടി പദ്ധതിക്ക് അനുകൂല നിലപാടെടുക്കുമെന്ന് ഉറപ്പായി. പദ്ധതിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ആണെന്നും അതിനാല്‍ ഭാവിയില്‍ എന്തെങ്കിലും വിമര്‍ശനം വന്നാലും അതു ബിജെപിയെ മാത്രമേ ബാധിക്കൂ എന്നുമാണ് രാഹുലിന്റെ പക്ഷം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എം.പിമാരായ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എന്നിവര്‍ പദ്ധതിക്ക് മനസ്സുകൊണ്ട് അനുകൂലമാണ്. ഇവരെല്ലാം രാഹുലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അറിയുന്നത്.

പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതികള്‍ ലഭിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമഫലമായാണ്. നേരത്തെ ഈ രണ്ടു വകുപ്പും ആറന്മുള വിമാനത്താവളത്തിന് എതിരായ നിലപാടിലായിരുന്നു. സമ്മര്‍ദ്ദ ഫലമായാണ് വകുപ്പുകള്‍ നിലപാട് മാറ്റിയത്.

കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധരുടെ നേതൃത്വം വി.എം. സുധീരനായിരുന്നു. കഴിഞ്ഞ 19ന് ഡല്‍ഹിയില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാെനത്തിയ വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് വിമാനത്താവള മേഖല സന്ദര്‍ശിക്കണമെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്കകം രാഹുലിന്റെ ഓഫീസ് സുധീരനെ അറിയിച്ചത് സമരം വേണ്ടെന്നും വിമാനത്താവളത്തെ അനുകൂലിക്കണ മെന്നുമായിരുന്നു. നടക്കുന്ന സമരങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്നും സുധീരനോട് ആവശ്യപ്പെടുകയും ചെയ്തു.

ആറന്മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധീരന്‍ ഇപ്പോള്‍ പ്രതികരിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.


Scroll To Top