Saturday December 03, 2016
Latest Updates

നാക്കിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; തിരുവനന്തപുരം വിമാനത്തവളത്തില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നാക്കിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; തിരുവനന്തപുരം വിമാനത്തവളത്തില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗം തേടുന്നവരാണ് സ്വര്‍ണക്കടത്തുകാര്‍. കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് വ്യാപകമായതോടെ ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങിയും പൊടിയുടെ രൂപത്തിലും ഒക്കെ സ്വര്‍ണം കടത്തുന്നവരുണ്ട്. നാക്കിനടിയിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താമെന്നു തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ സ്വര്‍ണ കടത്തുകാര്‍.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണ് നാക്കിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയത്. ശ്രീലങ്കന്‍ സ്വദേശിയായ മുഹമ്മദ് മന്‍സൂറാണ് നാക്കിനടിയില്‍ ഒളിപ്പിച്ച് 11 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 180 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ നാക്കിനടിയില്‍ ഒളിപ്പിച്ചത്. ഞായറാഴ്ച രാവിലെ 8.40 ന് കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനമായ യു.എല്‍161 ലാണ് ഇയാള്‍ വന്നത്. സംസാരം അസ്വാഭാവികമായി തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാക്കിനടിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

തുടര്‍ന്ന് ശരീര പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയില്ല. ചെന്നൈ സ്വദേശിക്ക് കൈമാറാനാണ് സ്വര്‍ണം കടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇത് ആദ്യമായാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലൂടെ സ്വര്‍ണക്കടത്ത് വ്യാപകമാണ്.

Scroll To Top