Saturday December 10, 2016
Latest Updates

നഴ്‌സുമാര്‍ മടങ്ങുന്നത് വെറും കയ്യോടെ; ശമ്പള ഇനത്തില്‍ ലഭിക്കാനുള്ളത് ലക്ഷങ്ങള്‍

നഴ്‌സുമാര്‍ മടങ്ങുന്നത് വെറും കയ്യോടെ; ശമ്പള ഇനത്തില്‍ ലഭിക്കാനുള്ളത് ലക്ഷങ്ങള്‍

കൊച്ചി: ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ മടങ്ങുന്നത് വെറും കയ്യോടെ. ശമ്പള ഇനത്തില്‍ ലഭിക്കാനുള്ള ലക്ഷങ്ങള്‍ ഉപേക്ഷിച്ചാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. തീവ്രവാദികള്‍ മോചിതരാക്കിയ നഴ്‌സുമാര്‍ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മാത്രമായാണ് മടങ്ങുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരില്‍ ഇറാഖില്‍ ജോലിക്ക് എത്തിയ പലര്‍ക്കും ശമ്പള ഇനത്തില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന എം.ആര്‍.എസ് എന്ന ഏജന്‍സിയുടെ കേരളത്തിലെ ഇടപാടുകാരായ ഗ്ലോബല്‍ ഏജന്‍സി വഴിയാണ് മലയാളി നഴ്‌സുമാര്‍ തിക്രിത്തിലെ ആശുപത്രിയില്‍ ജോലിക്ക് എത്തിയത്. 1,60,000 രൂപയാണ് ഇറക്കിലേക്കുള്ള വിസയ്ക്ക് മാത്രമായി ഇവര്‍ ഏജന്‍സിക്ക് നല്‍കിയത്. 40,000 രൂപ ഏജന്റിന്റെ അക്കൗണ്ടിലും 1,20,000 രൂപ വിമാന ടിക്കറ്റ് കൈമാറുന്ന സമയത്തുമാണ് നല്‍കിയത്. 40000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്‍സി നഴ്‌സുമാരെ റിക്രൂട്ട് ചെയ്തത്.

എന്നാല്‍ ആഭ്യന്തര യുദ്ധം മുറുകിയതോടെ കുടിശിഖ ശമ്പളം ആരോട് ചോദിക്കണമെന്ന് പോലും അറിയാത്ത അവസ്ഥയിലായി നഴ്‌സുമാര്‍. പലരും ബാങ്ക് ലോണ്‍ എടുത്തും ലക്ഷങ്ങള്‍ കടം എടുത്തതുമാണ് ഇറാഖില്‍ എത്തിയത്. എന്നാല്‍ ജീവന്‍ തിരിച്ച് കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് നഴ്‌സുമാര്‍. ഇതിനിടെ മടങ്ങി വരുന്ന നഴ്‌സുമാര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Scroll To Top