Friday December 09, 2016
Latest Updates

നഴ്‌സിംഗ് ഹോം നടത്തിപ്പ് ലാഭകരമെന്ന് റിപ്പോര്‍ട്ട്: മലയാളികള്‍ എന്തുകൊണ്ട് നേഴ്‌സിംഗ് ഹോമുകള്‍ തുടങ്ങുന്നില്ല ?

നഴ്‌സിംഗ് ഹോം നടത്തിപ്പ് ലാഭകരമെന്ന് റിപ്പോര്‍ട്ട്: മലയാളികള്‍ എന്തുകൊണ്ട് നേഴ്‌സിംഗ് ഹോമുകള്‍ തുടങ്ങുന്നില്ല ?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഏറ്റവും ലാഭകരമായ ബിസിനസായി നഴ്‌സിംഗ് ഹോം നടത്തിപ്പ് മാറുന്നതായി റിപ്പോര്‍ട്ട്.നാനൂറില്‍ അധികം വരുന്ന നേഴ്‌സിംഗ് ഹോമുകളും ,ഹിക്വ അംഗീകരിച്ച ഇരുനൂറിലധികം കെയര്‍ ഹോമുകളും അയര്‍ലണ്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 22000 പേരെയെ നേഴ്‌സിംഗ് ഹോമുകളില്‍ ഇപ്പോള്‍ ശുശ്രൂഷിക്കുന്നുള്ളൂ.

വര്‍ദ്ധിച്ചു വരുന്ന വൃദ്ധജനസംഖ്യയും,കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും കാരണം അടുത്ത ദശകങ്ങളിലുംവാര്‍ദ്ധക്യകാലത്ത് നഴ്‌സിംഗ് ഹോമുകളെ ആശ്രയിക്കേണ്ടവരുടെ എണ്ണം കൂടുക തന്നെ ചെയ്യും.ഇപ്പോഴുള്ളതിന്റെ പത്തിരട്ടി ആളുകളെങ്കിലും അടുത്ത പത്തുവര്‍ഷം കൊണ്ട് നേഴ്‌സിംഗ് ഹോമുകളുടെ ആശ്രയം വേണ്ടവരായി വരും.

സര്‍ക്കാര്‍ അനുമതിയോടെ തന്നെ നിരവധി നേഴ്‌സിംഗ് ഹോമുകള്‍ ഇപ്പോള്‍ പണി പൂര്‍ത്തിയായി വരുന്നതായാണ് നേഴ്‌സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ ഭാരവാഹികള്‍ പറയുന്നത്.ഇതോടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം നേഴ്‌സിംഗ് കെയര്‍ ചെലവ് കുറയ്ക്കാനുമാവുമത്രെ.

അയര്‍ലണ്ടില്‍ ഡണ്‍ഗാര്‍വനിലും,ക്ലോനല്‍കിറ്റിയിലുമടക്കം അഞ്ച് നഴ്‌സിംഗ് ഹോമുകള്‍ നടത്തുന്ന കെയര്‍ ചോയിസിന്റെ ഡയറക്റ്റര്‍ ക്‌ളോഡാഗ് വീലന്‍ ,തങ്ങളുടെ ലാഭം 20 ശതമാനം വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2012 ലെ ലാഭക്കണക്കാണ് ഇവര്‍ പുറത്ത് വിട്ടത്. 2012 ല്‍ 2.63 മില്യന്‍ യൂറോ സാമ്പത്തിക ലാഭമുണ്ടായെന്നാണ് ഈ കെയര്‍ ഹോം ഉടമയുടെ വെളിപ്പെടുത്തല്‍. ഇക്കാലയളവില്‍ കമ്പനിയുടെ ആകെ റെവന്യൂ 16.9 മില്യന്‍ യൂറോയില്‍ നിന്ന് 16.98 മില്യന്‍ യൂറോ ആയി വര്‍ദ്ധിച്ചു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്ലാ നഴ്‌സിംഗ് ഹോമുകളിലും മുഴുവന്‍ അഡ്മിഷന്‍ പൂര്‍ണമാണ്. ഇനിയും അഡ്മിഷന്‍ കത്ത് നീണ്ട വെയ്റ്റിംഗ് ലിസ്റ്റില്‍ നിരവധി പേര്‍ കാത്തിരുപ്പുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാനൂറിലധികം പേരാണ് കെയര്‍ ചോയിസില്‍ ജോലി ചെയ്യുന്നത്.

ജോലി പരിചയമുള്ള എന്ന നിലയില്‍ മലയാളികള്‍ക്ക് എളുപ്പം ആരംഭിക്കാവുന്ന തൊഴില്‍ മേഖലയായി നേഴ്‌സിംഗ് ഹോമുകള്‍ മാറാന്‍ തുടങ്ങിയിട്ടുണ്ട്.ജോലി ചെയ്യാനും,ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.കത്തോലിക്ക സഭയുടെ സന്ന്യാസിനി വിഭാഗങ്ങള്‍ നടത്തിയിയിരുന്നതടക്കമുള്ള നിരവധി നേഴ്‌സിംഗ് ഹോമുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള മാനവശേഷി ഇല്ലാതെ പൂട്ടിക്കിടക്കുന്നവയായിട്ടുണ്ട്.

അടുത്ത ദശകത്തില്‍ അയര്‍ലണ്ടിലെ ഏറ്റവും വരുമാനമുള്ള ബിസിനസുകളില്‍ ഒന്നായി നേഴ്‌സിംഗ് ഹോമുകള്‍ മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.അല്‍പ്പം അര്‍പ്പണമനോഭാവവും ,മാനെജ്‌മെന്റ് ചടുലതകളും കൂടിയുണ്ടെങ്കില്‍ സേവനത്തിനായി അയര്‍ലണ്ടില്‍ വന്നിരിക്കുന്ന ഏതു മലയാളിയ്ക്കും വിജയിപ്പിക്കാവുന്ന സേവന മേഖലയാണിതെന്നതില്‍ സംശയമില്ല.

Scroll To Top