Friday December 09, 2016
Latest Updates

നരേന്ദ്ര മോഡി മന്ത്രിസഭ: മലയാളി മന്ത്രിയില്ല; മലയാളം അറിയുന്ന മന്ത്രിമാര്‍ രണ്ട്

നരേന്ദ്ര മോഡി മന്ത്രിസഭ: മലയാളി മന്ത്രിയില്ല; മലയാളം അറിയുന്ന മന്ത്രിമാര്‍ രണ്ട്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരില്ലെങ്കിലും മലയാളം അറിയുന്ന, മലയാളിയുടെ അയല്‍ക്കാരായ രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. ഒരാള്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൌഡയും മറ്റൊരാള്‍ കന്യാകുമാരിയില്‍ നിന്നുള്ള പൊന്‍ രാധാകൃഷ്ണനും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്ടെ പുത്തൂരില്‍ ജനിച്ച ഡി. വി.സദാനന്ദഗൗഡ പാതി മലയാളിയാണ്.

നന്നായി മലയാളം സംസാരിക്കാനും എഴുതാനും വായിക്കാനും അദ്ദേഹത്തിനറിയാം. കേരളത്തില്‍ നിന്ന് മന്ത്രിയില്ലാത്തത് സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകില്ലെന്ന് അദ്ദേഹം സത്യോരതിജ്ഞ ചടങ്ങിനു ശേഷം മലയാളം ചാനലുകളോട് പ്രതികരിച്ചിരുന്നു. ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്‌സഭയില്‍ എത്തിയത്.

വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ സദാനന്ദഗൗഡ പുത്തൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും  2004 ല്‍ മംഗലാപുരത്തുനിന്ന് ലോക്സഭയിലേക്കും. 2009 ല്‍ ഉഡുപ്പി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നുള്ള പൊന്‍ രാധാകൃഷ്ണന്‍ ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. അദ്ദേഹം സഹമന്ത്രിയായാണ് ചുമതലയേറ്റത്.

Scroll To Top