Saturday December 03, 2016
Latest Updates

നരേന്ദ്ര മോഡി ഭരണം ഒരു മാസം തികച്ചു; വിലക്കയറ്റത്തിന്റെ മോഡിഫിക്കേഷന്‍

നരേന്ദ്ര മോഡി ഭരണം ഒരു മാസം തികച്ചു; വിലക്കയറ്റത്തിന്റെ മോഡിഫിക്കേഷന്‍

ന്യൂഡല്‍ഹി: യുപിഎ ഭരണം അവസാനിപ്പിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരു മാസം തികച്ചു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ മോഡി യുപിഎയുടെ അതേ നയങ്ങള്‍ തന്നെയാണ് പിന്തുടരാന്‍ ശ്രമിക്കുന്നത്. യുപിഎയുടെ വിലക്കയറ്റ നയങ്ങള്‍ക്കെതിരെ പ്രചരണം നടത്തി അധികാരത്തില്‍ വന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഒരു മാസത്തിനകം തെളിയിച്ച് കഴിഞ്ഞു.

റെയില്‍വേ  ബജറ്റിന് മുമ്പ് പാര്‍ലമെന്റിനെ മറികടന്ന് റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. റെയില്‍വേ യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് 6.5 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. ചരക്ക് കൂലിയിലെ വര്‍ദ്ധനവ് കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്ത റിപ്പോര്‍ട്ടുകള്‍. കേന്ദ്ര പെട്രോളിയം മന്ത്രാലയം വില വര്‍ദ്ധനവിന് പച്ചക്കൊടി കാണിച്ചു.

പാചകവാതകം പ്രതിമാസം സിലിണ്ടര്‍ ഒന്നിന് അഞ്ചു രൂപ വീതം കൂടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി ശക്തമായി എതിര്‍ത്തിരുന്ന വിദേശ നിക്ഷേപവും ഒരു മാറ്റവുമില്ലാതെ നടപ്പിലാക്കാന്‍ മോഡി ഗവണ്‍മെന്റ് തീരുമാനിച്ചു. പ്രതിരോധ മേഖലയില്‍ പോലും നൂറു ശതമാനം വിദേശ നിക്ഷേപത്തിന് മോഡി ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന റെയില്‍, പൊതു ബജറ്റുകളില്‍ എന്തൊക്കെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നല്ല നാളുകള്‍ വരാനിരിക്കുന്നുവെന്ന മോഡിയുടെ ട്വീറ്റില്‍  വിശ്വസിച്ച ജനങ്ങളെ വിലക്കയറ്റത്തിന്റെ വറചട്ടിയിലേക്കാണ് മോഡി എത്തിച്ചിരിക്കുന്നത്.

Scroll To Top