Wednesday December 07, 2016
Latest Updates

നരേന്ദ്ര മോഡി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; അരങ്ങേറ്റം പിഴച്ച് ആം ആദ്മി

നരേന്ദ്ര മോഡി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; അരങ്ങേറ്റം പിഴച്ച് ആം ആദ്മി

ന്യൂഡല്‍ഹി: രാജ്യത്താകെ വീശിയ മോഡി തരംഗത്തില്‍ ബിജെപി കേന്ദ്രഭരണത്തിലേക്ക്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഭരണത്തില്‍ തിരികെ എത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള പ്രചാരണമാണ് എന്‍ഡിഎയ്ക്ക് ഭരണത്തില്‍ തിരികെ വരാന്‍ സഹായകമായത്. ബിജെപി ഒറ്റയ്ക്ക് ഭരണത്തില്‍ വരാവുന്ന നിലയില്‍ 282 സീറ്റുകള്‍ നേടി. ഭരണ പിടിക്കാന്‍ കേവല ഭൂരിപക്ഷമായ 272 സീറ്റ് മതി. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നേരേന്ദ്ര മോഡി മത്സരിച്ച വഡോദരയിലും വാരണാസിയിലും ജയിച്ചു.

1984 ന് ശേഷം ഇത് ആദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഗുജറാത്തില്‍ ബിജെപി 26 സീറ്റില്‍ 26 ഉം രാജസ്ഥാനില്‍ 25 ല്‍ 25 സീറ്റും ബിജെപി നേടി. ഇത്തരത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളും രണ്ടക്കത്തില്‍ താഴെ പോയ സംസ്ഥാനങ്ങളും നിരവധിയാണ്.  കേരളം ഒഴികെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

മത്സരിച്ച കേന്ദ്രമന്ത്രിമാരില്‍ മിക്കവരും പരാജയം രുചിച്ചു. ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് പരാജയപ്പെട്ടു. അജയ് മാക്കന്‍, സച്ചിന്‍ പൈലറ്റ്, ഫാറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ശരദ് യാദവ്, വിരപ്പ മൊയ്‌ലി, മുഹമ്മദ് അസറുദ്ദീന്‍, ജസ്വന്ത് സിംഗ്, സ്പീക്കര്‍ മീരാ കുമാര്‍, എ രാജ എന്നീ പ്രമുഖര്‍ എല്ലാവരും പരാജയപ്പെട്ടു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കേജ്രിവാള്‍, കുമാര്‍ വിശ്വാസ്, മേധാ പട്കര്‍ തുടങ്ങിയ പ്രമുഖരും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിജയിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, ബിഎസ് യെദിയൂരപ്പ, സദാനന്ദ ഗൌഡ, സുഷമ സ്വരാജ്, നിധിണ്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളും വിജയിച്ചു.

പ്രാദേശിക പാര്‍ട്ടികളില്‍ തൃണമുല്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും നേട്ടം കൊയ്തു. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി എഐഎഡിഎംകെ നേട്ടം കൊയ്തു. ബംഗാളിലെ 42 സീറ്റില്‍ 33 സീറ്റും തൃണമുല്‍ നേടി. സിപിഎമ്മിന് ബംഗാളില്‍ മൂന്ന് സീറ്റും കേരളാത്തില്‍ 5 സീറ്റും ത്രിപുരയില്‍ രണ്ടു സീറ്റും ലഭിച്ചു. ബിഎസ്പി, സമാജ് വാദി പാര്‍ട്ടി എന്നീ പ്രാദേശിക കക്ഷികള്‍ക്കും തിരിച്ചടി നേരിട്ടു.

തിളക്കമാര്‍ന്ന വിജയം കൈവരിച്ച നരേന്ദ്ര മോഡി ഈ മാസം 21 ന് തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആദ്യം പ്രോട്ടെയം സ്പീക്കര്‍ സത്യപ്രതിജ്ജ ചെയ്യും തുടര്‍ന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ എന്‍ഡിഎ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുമെന്ന നേരത്തെ വ്യക്തമായ സാഹചര്യത്തില്‍ മറ്റ് മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മോഡിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് ഏത് സ്ഥാനം കൊടുക്കും എന്നതാണ് ബിജെപി നേതൃത്വത്തെ അലട്ടുന്ന ഘടകം. മുതിര്‍ന്ന നേതാവ് സുഷമ സ്വരാജും മോഡിയുമായി യോജിപ്പിലല്ല. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ധനമന്ത്രി ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ട അരുണ്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ ഞെട്ടിച്ച് അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയുടെ പതനമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. മോഡിയെ അട്ടിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട കേജ്രിവാളും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച കുമാര്‍ വിശ്വാസും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ എല്ലാം പരാജയപ്പെട്ടു. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ അരങ്ങേറ്റം പാളി. ദേശീയ തലത്തില്‍ ഏറെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി 4 സീറ്റില്‍ ഒതുങ്ങി.

Scroll To Top