Saturday December 03, 2016
Latest Updates

നരേന്ദ്ര മോഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

നരേന്ദ്ര മോഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റെയ്‌സ്‌നാ കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നരേന്ദ്ര മോഡിക്കൊപ്പം ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍, ഗവര്‍ണര്‍മാര്‍,  മുഖ്യമന്ത്രിമാര്‍, സിനിമാ  സാംസ്‌കാരിക പ്രവര്‍ത്തകര്‍, എം.പിമാര്‍ തുടങ്ങി നാലായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി മോഡിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെ സാര്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ എല്ലാവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സത്യപ്രതിജ്ഞയുടെ ഭാഗമായി ഡല്‍ഹി കനത്ത സുരക്ഷ വലയത്തിലാണ്. ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ്  മഹീന്ദ രാജപക്‌സെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തുടങ്ങിയവര്‍ ഇന്ന് രാവിലെ തന്നെ ന്യൂഡല്‍ഹിയില്‍ എത്തും. രാഷ്ട്രത്തലവന്‍മാര്‍ക്ക് ഇന്ന് വൈകിട്ട് രാഷ്ട്രപതി പ്രത്യേക വിരുന്നു ഒരുക്കിയിട്ടുണ്ട്. മോഡി ഇവരുമായി നാളെ കൂടിക്കാഴ്ച നടത്തും.

Scroll To Top